യുഎഇയിലേക്ക് ജോലിക്കെന്ന് പറഞ്ഞു കൊണ്ടുപോയ 500 ലധികം മലയാളി യുവതികള്‍ എവിടെ? ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം ഇവരെ പെണ്‍വാണിഭക്കാര്‍ക്ക് വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഈ സംഘത്തിന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. ആയിരങ്ങള്‍ കമ്മീഷന്‍ കിട്ടുമെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്രയും മലയാളി സ്ത്രീകളെ കേരളത്തില്‍ നിന്ന് കടത്തിയത്. പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ചില സ്ത്രീകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇനിയും കുടുങ്ങിക്കിടക്കുന്നവരെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് ചില തടസങ്ങളുണ്ട്. 500 ലധികം മലയാളി യുവതികളെയാണ് സംഘം ദുബായിലെ മനുഷ്യക്കടത്ത് റാക്കറ്റിന് വിറ്റതെന്നാണ് വിവരം. ഷാര്‍ജയിലും അജ്മാനിലും നിരവധി യുവതികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതുസംബന്ധിച്ച് സിബിഐക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, വിദേശരാജ്യത്ത് പോയി വിഷയം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് നിരവധി സ്ത്രീകളെയാണ് പെണ്‍വാണിഭത്തിന് വേണ്ടി കടത്തിയത്. നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ ഗള്‍ഫിലേക്ക് കൊണ്ടുപോയത്. പക്ഷേ, പിന്നീട് അകപ്പെടുകയായിരുന്നു. ഇവരില്‍ 12 പേര്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ എല്ലാവരും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. മാനഹാനി ഭയന്നാണ് പലരും സഹകരിക്കാത്തത്. എട്ട് പേര്‍ മാത്രമാണ് സിബിഐക്ക് മൊഴി കൊടുത്തത്.
രക്ഷപ്പെട്ടവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അന്വേഷണ സംഘം യുഎഇ എംബസികള്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നടന്ന മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണമാണ് വന്‍ റാക്കറ്റിന്റെ പ്രവര്‍ത്തനം പുറത്തുകൊണ്ടുന്നത്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്രയും യുവതികളെ പെണ്‍വാണിഭ സംഘം ഗള്‍ഫിലേക്ക് കടത്തിയത്. യുഎഇയിലേക്ക് മാത്രമല്ല, മറ്റു ചില രാജ്യങ്ങളിലേക്ക് മലയാളി യുവതികളെ കടത്തിയിട്ടുണ്ട്. മലയാളി യുവതികളെ വിദേശത്തേക്ക് കടത്തിയത് വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കൊണ്ടുപോയത് എന്നതിനാല്‍ തന്നെ ഗള്‍ഫിലെത്തിയ ശേഷം പെണ്‍വാണിഭ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയായിരുന്നു.
മലയാളികള്‍ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും ഈ സംഘത്തിന്റെ വലയില്‍ പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശരാജ്യത്ത് നടന്ന കുറ്റകൃത്യമായതിനാല്‍ സിബിഐക്ക് ഇടപെടാന്‍ പരിമിതിയുണ്ട്. ഇനി തുടര്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ദുബായ് പോലീസ് നല്‍കിയ വിവരങ്ങള്‍ വച്ചാണ് നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. യുഎഇയില്‍ പോയി മഹസര്‍ തയ്യാറാക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നേരത്തെ വിദേശത്ത് പോയി പ്രതിയെ പിടിക്കാന്‍ അനുമതി ലഭിച്ചിരുന്നു. കേസിലെ മുഖ്യപ്രതി കെവി സുരേഷിനെ ഏറ്റുവാങ്ങാനായിരുന്നു ഈ അനുമതി. സുരേഷ് മാത്രമല്ല, നിരവധി വിദേശ പൗരന്‍മാരും കേസില്‍ ബന്ധമുണ്ട്. പിടിക്കപ്പെട്ട മലയാളികള്‍ ഇടനിലക്കാര്‍ മാത്രമാണ്. പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. ഇടനിലക്കാരായ മലയാളികള്‍ കമ്മീഷന്‍ ലക്ഷ്യമിട്ടാണ് യുവതികളെ കുടുക്കിയത്. വീട്ടുജോലിക്കെന്ന് പറഞ്ഞാണ് മിക്ക യുവതികളെയും കടത്തിയത്. കേസ് അന്വേഷണം ഒരു ഭാഗത്ത് നടക്കുമ്പോഴും യുവതികളെ വിദേശത്തേക്ക് കടത്തുന്നുണ്ട്. ഒരു യുവതിയെ കൈമാറിയാല്‍ 50000 രൂപ കമ്മീഷന്‍ കിട്ടും.