കൊച്ചി: കമലിനെ പാക്കിസ്താനിലേയ്ക്ക് കടത്തണമെന്ന സംഘപരിവാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ അലന്‍സിയര്‍ക്ക് സോഷ്യല്‍ മീഡിയയുടെ പിന്തുണ. കഴിഞ്ഞ രണ്ടു ദിവസമായി ഈ കാലാകരനൊപ്പമാണ് സോഷ്യല്‍ മീഡിയ മുഴുവനും നിലയുറപ്പിച്ചിരിക്കുന്നത്.
സംവിധായകന്‍ കമല്‍ രാജ്യം വിടുന്നതാണ് നല്ലതെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ഭീഷണിക്കെതിരായാണ് കാസര്‍കോട്ട് അലന്‍സിയര്‍ തെരുവുനാടകത്തിലൂടെ പ്രതിഷേധിച്ചത്. ഇതാദ്യമല്ല അലന്‍സിയര്‍ പ്രതിഷേബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അലറിക്കരഞ്ഞുകൊണ്ട് തിരുവനന്തപുരം സെക്രട്ടറിയറ്റിന് ചുറ്റും ഓടിയ അലന്‍സിയര്‍ ഇത്ര പ്രശസ്തനായിരുന്നില്ലെന്നുമാത്രം.
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തില്‍ അലന്‍സിയര്‍ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധനേടിയിരുന്നു. ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ലെന്നും അലന്‍സിയര്‍ മുത്താണെന്നും നാട് ഒന്നടങ്കം പറയുന്നു. അലന്‍സിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മാല പാര്‍വ്വതിയാണ് ബാബറി മസ്ജിദ് തകര്‍ത്തതിനെതിരായ അലന്‍സിയറിന്റെ പ്രതിഷേധ പ്രകടനം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
സംവിധായകന്‍ ആഷിഖ് അബു, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍ തുടങ്ങി സിനിമ മേഖലയില്‍നിന്ന് നിരവധിപേരാണ് അലന്‍സിയറിന് ഐക്യദാര്‍ഢ്യം അറിയിച്ചിരിക്കുന്നത്.
ചില പ്രതികരണങ്ങള്‍ ചുവടെ:
‘ കമല്‍ സാറിന്റെ പടത്തില്‍ റോളിനു വേണ്ടി അലന്‍ ഇത് ചെയ്തു എന്ന് പറയുന്നവരെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍. നാടകക്കാരന്‍ ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ്.
റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല.’- മാല പാര്‍വ്വതി
മാല പാര്‍വ്വതിയുടെ ഫേസ്ബുക്ക് പ്രതികരണത്തില്‍ അലന്‍സിയറിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിച്ചുള്ള കമന്റുകള്‍ക്ക്, ഇതിനുമുന്‍പും വിവിധ വിഷയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ കലാകാരന്‍മാര്‍ തയാറായിട്ടുണ്ടെന്ന മറുപടിയുമായി നടന്‍ അനില്‍ പി നെടുമങ്ങാട് രംഗത്തെത്തി.
‘രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ !
ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ !
ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ്അലന്‍സിയര്‍ ലെ ലോപ്പസ് , അലന്‍ ചേട്ടാ , ബിഗ് സല്യൂട്ട് !’- ടൊവിനോ തോമസ്
‘അലന്‍സിയര്‍ ഏറെ ഇഷ്ടപ്പെടുന്ന നാടകമെന്ന സംവേദന മാര്‍ഗ്ഗത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിഷേധവും. തനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. കലര്‍പ്പില്ലാത്ത കലാകാരനാണ് അലന്‍സിയര്‍’ – അനൂപ് മേനോന്‍.
‘അലന്‍സിയന്‍ നിങ്ങളാണ് ഇന്ത്യന്‍’ എന്നാണ്കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്.
സോഷ്യല്‍മീഡിയില്‍ അലന്‍സിയറിന് അഭിനന്ദന പ്രവാഹമാണ്. വാക്കുകളിലൂടെയും വരകളിലൂടെയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിച്ചിരിക്കുന്നത്.