കൊൽക്കത്ത: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇല്ലാതാകുന്നു . കോൺഗ്രസിനെ ഒഴിവാക്കി പുതിയ മുന്നണി രൂപീകരണത്തിന് നീക്കം. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായുളള കൂടിക്കാഴ്ചക്ക് ശേഷം സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ഇക്കാര്യത്തിൽ സൂചന നൽകി.
കോൺഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി രൂപപ്പെടുമെന്നും കൊൽക്കത്തയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം അഖിലേഷ് യാദവ് വ്യക്തമാക്കി.
നിങ്ങൾക്ക് ഇതിനെ മുന്നണിയെന്നോ സഖ്യമെന്നോ വിളിക്കാം. പക്ഷേ എല്ലാവരും പരിവർത്തൻ ആഗ്രഹിക്കുന്നതിനാൽ തെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും ഒരു രൂപത്തിൽ ഇത് ഉയർന്നുവരും,’ അഖിലേഷ് യാദവ് പറഞ്ഞു. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ അഖ്ലേഷ് യാദവും തൃണമൂൽ കോൺഗ്രസും നല്ല സൗഹൃദമാണ് പുലർത്തുന്നത്.
2022 ലെ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മമത ബാനർജി അഖിലേഷ് യാദവിനായി പ്രചരണത്തിനിറങ്ങിയതും ഈ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
സമാജ് വാദി പാർട്ടി നാളെ മുതൽ കൊൽക്കത്തയിൽ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 11 വർഷത്തിന് ശേഷമാണ് എസ്പിയുടെ ദേശീയ എക്സിക്യൂട്ടീവ് കൊൽക്കത്തയിൽ നടക്കുന്നത്. ഈ വർഷാവസാനം നടക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുള്ള നയങ്ങളും തന്ത്രങ്ങളും ദേശീയ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.