തന്റെ മരണത്തിന് കാരണം മമത ബാനര്‍ജി; ബംഗാളില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി മുന്‍ ഐജിയുടെ ആത്മഹത്യാ കുറിപ്പ്

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഗൗരവ് ചന്ദ്ര ദത്തിന്റെ ആത്മഹത്യാ കുറിപ്പ് ബംഗാളില്‍ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തന്റെ മരണത്തിനു കാരണമെന്നാണു കുറിപ്പില്‍ ആരോപിക്കുന്നത്. ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദത്തിനെ മമത അധികാരത്തിലെത്തിയ ശേഷം അപ്രധാന തസ്തികയില്‍ ഒതുക്കി. സ്ഥാനക്കയറ്റവും നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം സ്വയം വിരമിച്ചെങ്കിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു. അഴിമതിയാരോപണം ഉള്‍പ്പെടെ കേസുകളില്‍ കുടുക്കി. പാസ്‌പോര്‍ട്ട് പുതുക്കാന്‍ പോലും അനുവദിച്ചില്ല. കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ചില സഹപ്രവര്‍ത്തകരും പീഡിപ്പിച്ചു കുറിപ്പില്‍ പറയുന്നു. പെന്‍ഷനു പുറമേ ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളുമായി ഉള്‍പ്പെടെ 71 ലക്ഷം അദ്ദേഹത്തിനു ലഭിക്കാനുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ ഇടതു സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ദത്ത, ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരുമായി അടുപ്പം പുലര്‍ത്തിയിരുന്നു. റോ മുന്‍ മേധാവിയും ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്ന ഗോപാല്‍ ദത്തിന്റെ മകനാണ്.

 

Top