ചുണ്ട് ജഗ്ഗില്‍ മുട്ടിച്ച് വെള്ളം കുടിച്ചെന്നാരോപിച്ച് ക്രൂര മര്‍ദ്ദനം..!! മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മര്‍ദ്ദിച്ചത് പട്ടിക ഉപയോഗിച്ച്

കൊടുംക്രൂരതകളുടെ വാര്‍ത്തകളാണ് കേരളത്തിലെ പല സ്ഥലത്തുനിന്നും പുറത്ത് വരുന്നത്. മറ്റൊരാളിന്റെ പുറത്ത് എന്ത് ക്രൂരതയും നടത്താന്‍ മടിയില്ലാത്ത ജനതയായി കേരളീയര്‍ മാറുന്നോ എന്ന സംശയം പ്രടിപ്പിച്ചിരിക്കുകയാണ് സാമൂഹ്യ നിരീക്ഷകര്‍. ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയതും ഭാര്യയെ പട്ടിണിക്കിട്ട് കൊന്നതും മനസില്‍ നിന്നും മായും മുന്നേ മറ്റൊരു ക്രൂരത

പെരിന്തല്‍മണ്ണന്മ ദാഹിച്ചു വലഞ്ഞെത്തിയ യുവാവ് ജഗ്ഗ് ചുണ്ടില്‍ മുട്ടിച്ചു വെള്ളം കുടിച്ചതിന് ചായക്കടക്കാരന്റെ ക്രൂരമര്‍ദനം. കഴിഞ്ഞ ദിവസം ആലിപ്പറമ്പ് കാമ്പ്രത്താണ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനു മര്‍ദനമേറ്റത്. ദാഹിച്ചെത്തിയ യുവാവ് വീടിനു സമീപത്തെ ചായക്കടയിലെത്തി ജഗ്ഗിലെ വെള്ളം കുടിക്കുകയായിരുന്നു.

പട്ടിക ഉപയോഗിച്ചുള്ള മര്‍ദനമേറ്റ് യുവാവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവേറ്റു. ആദ്യം കരിങ്കല്ലത്താണിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും യുവാവ് ചികിത്സ തേടി. യുവാവിന്റെ മാതാവ് നല്‍കിയ പരാതിയില്‍ കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തടഞ്ഞു വച്ചതിനും മര്‍ദിച്ചതിനുമാണ് കേസ്.

Top