ഐഫോൺ തന്നെ സ്വവർഗാനുരാഗിയാക്കി മാറ്റിയെന്ന ആരോപണവുമായി യുവാവ് രംഗത്ത്. ഇതേത്തുടർന്ന് ആപ്പിൾ കമ്പനിയോട് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ഈ റഷ്യൻ യുവാവ്. നഷ്ട പരിഹാരമായി 15000 ഡോളർ (പത്ത് ലക്ഷം രൂപ) ആണ് ഡി.റസുമിലേവ് എന്ന യുവാവ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി ബിറ്റ് കോയിൻ തെരഞ്ഞപ്പോൾ പകരം ലഭിച്ചത് ‘ഗേ കോയിനാണ്’. ഇതിനോടൊപ്പം’അനുഭവിച്ചറിയാതെ വലിച്ചെറിയരുത്’ എന്ന സന്ദേശവും ലഭിച്ചു.
‘അനുഭവിച്ചറിയാത്ത ഒരു കാര്യത്തെകുറിച്ച് എങ്ങനെ വിലയിരുത്തുമെന്ന് ഞാനും ചിന്തിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഒരാളുമായി അടുപ്പത്തിലായി. ഇപ്പോൾ ഈ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാനാവുന്നില്ല. ഇത് ഞാൻ എങ്ങനെ വീട്ടിൽ പറയും?’ മാനസികവും ധാർമികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും യുവാവ് പരാതിയിൽ പറയുന്നു.
തന്നെ സ്വവർഗാനുരാഗത്തിലേക്ക് തള്ളി വിട്ടത് ഐഫോണ് എന്നാരോപിച്ച് കഴിഞ്ഞ മാസം20നാണ് മോസ്‌കോയിലെ പ്രസെൻസ്‌കി കോടതിയിൽ യുവാവ് പരാതി നൽകിയത്. കേസ് ഈ മാസം 20ന് കോടതി പരിഗണിക്കും. സ്വവർഗ രതിക്ക് റഷ്യ നിയമം വഴി 2013 മുതൽ സമ്പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.