അബുദാബി: പെട്ടെന്ന് ഒരു ദിവസം ജോലിയില്‍ നിന്നും പിരിച്ചുവിടുക, മിക്ക സ്വകാര്യ മേഖലകളിലും കാണുന്നൊരു കാഴ്ചയാണ് ഇത്. അധികമാരും ഇതിനെ ചോദ്യം ചെയ്യാതെ ഇറങ്ങി വരികയും ചെയ്യും. കാരണം എന്തായാലും ജോലി നഷ്ടമായി. ഇനി എന്ത് പറഞ്ഞിട്ട് കാര്യം എന്ന് ചിന്തിച്ചാണ് അവിടെ നിന്നും ഇറങ്ങുക. എന്നാല്‍ അകാരണമായി ജോലിയില്‍ നിന്നും പിരിച്ചു വിട്ട കമ്പനിക്കെതിരെ ഒരു യുവാവ് കോടതി കയറി. യുവാവിന്റെ പരാതിയില്‍ കമ്പനിക്കെതിരെ കോടതി 5,12,000 ദിര്‍ഹം (ഏകദേശം 89 ലക്ഷം രൂപ ) നഷ്ട പരിഹാരം വിധിച്ചു. അബുദാബിയിലാണ് സംഭവം. അബുദാബി ആസ്ഥാനമായ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂഷനാണ് മുന്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ക്ക് നഷ്ട പരിഹാരം നല്‍കേണ്ടത്. ജോലിയില്‍ നിന്നും പിരിച്ചു വിട്ട കമ്പനി നടപടിക്കെതിരെ യുവാവ് പരാതി നല്‍കുകയായിരുന്നു. ഗ്രാറ്റുവിറ്റി നല്‍കിയില്ലെന്നും കോണ്‍ട്രാക്ട് സംഖ്യയുടെ അഞ്ച് ശതമാനം നല്‍കിയില്ലെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു. നഷ്ടപരിഹാരം വേണമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സ് കമ്പനിയുടെ മാര്‍ക്കറ്റിങ് മാനേജറായി ജോലിയില്‍ പ്രവേശിച്ച തന്നെ കാലാവധി തീരുന്നതിന് മുമ്പ് ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നുവെന്ന് യുവാവ് ആരോപിച്ചു. അവസാന മാസ ശമ്പളം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. യുവാവിനെതിരെ കമ്പനി അപ്പീലിന് പോയിരുന്നെങ്കിലും കോടതി അത് സ്വീകരിച്ചില്ല.