സംസ്‌കാര ചടങ്ങിനു പോലും തുള്ളി വെള്ളമില്ല; ആദിവാസി വൃദ്ധന്റെ മൃതദേഹം സംസ്‌കരിച്ചത് ഒരു ദിവസം കഴിഞ്ഞ്

സംസ്‌കാര ചടങ്ങ് നടത്താനുള്ള വെള്ളം കിട്ടിയില്ല. ആദിവാസി വൃദ്ധന്റെ മൃതദേഹം സംസ്‌കരിച്ചത് ഒരുദിവസം കഴിഞ്ഞ്. നാല്‍പ്പത്തിനാല് നദികളൊഴുകുന്ന കേരളത്തിലെ വരള്‍ച്ചയുടെ ഭീകരത വ്യക്തമാക്കുന്ന വാര്‍ത്ത വയനാട് മാനന്തവാടിയില്‍ നിന്നാണ്. എടവക പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ കുന്നമംഗലം കുട്ടിക്കൂടി പണിയ കോളനിയിലെ തൊപ്പി (80) ആണ് വ്യാഴാഴ്ച ഉച്ചക്ക് അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ജലനിധി പദ്ധതി പ്രകാരം കോളനിമുറ്റത്തുള്ള കുടിവെള്ള പൈപ്പില്‍ വെള്ളമെത്തുന്നതും കാത്ത് മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ 24 മണിക്കൂര്‍ കാത്തുനിന്നു. ഒടുവില്‍ രണ്ട് കിലോമീറ്റര്‍ അകലെനിന്ന് തലച്ചുമടായി വെള്ളമെത്തിച്ചശേഷമാണ് അന്ത്യകര്‍മങ്ങള്‍ക്കുശേഷം സംസ്‌കരിച്ചത്. മരണ വിവരമറിഞ്ഞ് വൈകീേട്ടാടെതന്നെ ബന്ധുക്കളെത്തിയെങ്കിലും കോളനിയില്‍ കുടിക്കാന്‍ പോലും വെള്ളമുണ്ടായിരുന്നില്ല.

കുന്നിന്‍ മുകളിലുള്ള കോളനിക്കരികിലൊന്നും കിണറുകളോ കുളങ്ങളോ വെള്ളം ലഭിക്കുന്ന വീടുകളോ ഇല്ല. കോളനിയിലെ പതിനഞ്ചോളം വീടുകളില്‍ ജലനിധിപദ്ധതി പ്രകാരമാണ് കുടിവെള്ളമെത്തിയിരുന്നത്. എന്നാല്‍, രണ്ട് ദിവസം മുമ്പ് പീച്ചങ്കോട് റോഡരികില്‍ നടത്തുന്ന നിര്‍മാണപ്രവൃത്തികള്‍ക്കിടെ കോളനിയിലേക്കുള്ള പൈപ്പ് പൊട്ടുകയും ജലവിതരണം മുടങ്ങുകയും ചെയ്തിരുന്നു. ഇത് എത്രയും പെട്ടെന്ന് നന്നാക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. ഇത് നന്നാക്കുന്നതും കാത്തായിരുന്നു കോളനിയിലെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാതെ വെച്ചത്. എന്നാല്‍, ഉച്ചയായിട്ടും നന്നാക്കാത്തതോടെയാണ് ബന്ധുക്കള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി വെള്ളം തലച്ചുമടായെത്തിച്ചത്. ഇതിനിടയില്‍ ട്രൈബല്‍ പ്രമോട്ടര്‍മാരെയും വാര്‍ഡ് മെംബറെയും വിവരം അറിയിച്ചെങ്കിലും അവരാരും തിരിഞ്ഞുനോക്കിയില്ലെന്ന് ആദിവാസികള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ചടങ്ങുകള്‍ക്ക് ശേഷം സാമൂഹിക പ്രവര്‍ത്തകനായ മുതിര അബ്ദുല്ലയും മറ്റുചിലരും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ വെള്ളമെത്തിച്ച ശേഷമാണ് കോളനിയിലെ കുട്ടികളുള്‍പ്പെടെ വെള്ളം കുടിച്ചതും ഭക്ഷണമുണ്ടാക്കിയതും. കുടിവെള്ളം വാഹനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടുണ്ട്. എന്നാല്‍, പഞ്ചായത്ത്, റവന്യൂ അധികാരികളൊന്നും വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചില്ല.

Top