കൊച്ചി: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ മാനസയെ കൊലപ്പെടുത്തിയത് ഒരു മാസത്തോളം നീണ്ടുനിന്ന നിരീക്ഷണത്തിനു ശേഷം. മാനസ പഠിച്ചിരുന്ന കോളേജിൽ അടുത്തുതന്നെ രഖിൽ വാടകയ്ക്ക് മുറിയെടുത്തു. ഇവിടെനിന്ന് നോക്കിയാൽ മാനസ കോളേജിലേക്ക് പോകുന്നതും ക്ലാസ് കഴിഞ്ഞു തിരികെ മടങ്ങുന്നതും രഖിലിന് കാണാൻ സാധിക്കുമായിരുന്നു.കോതമംഗലത്ത് നെല്ലുക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസി കൊപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്. കണ്ണൂർ മേലൂർ സ്വദേശി രഖിലാണ് മാനസയെ വെടിവെച്ചത്. കൊലയ്ക്ക് ശേഷം ഇയാൾ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുളള പ്രണയം തകർന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന് കാരണമായത്. അതേസമയം മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയ ബന്ധം തകർന്ന ശേഷമാണെന്ന് രഖിലിന്റെ സഹോദർ പറഞ്ഞു. മാനസ തള്ളിപറഞ്ഞതോടെ രഖിൽ കടുത്ത വിഷമത്തിലായിരുന്നു.കുറച്ച് ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ലെന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മാനസ താമസിച്ചിരുന്ന വീടിന് 100 മീറ്റർ അടുത്ത് തന്നെയാണ് രഖിലിന്റെയും മുറി. ഇങ്ങനെ മാനസിയുടെ ഓരോ നീക്കവും രഖിൽ തുടർച്ചയായി നിരീക്ഷിച്ചു. അതിനുശേഷമാണ് മുൻകൂട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. ഫൈനൽ ഇയർ വിദ്യാർഥിനിയായ മാനസയ്ക്ക് ഇന്നലെ ക്ലാസ് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം കോളേജിനു സമീപം വാടകയ്ക്ക് എടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. മുറിയിൽ നിന്നും മാനസ പുറത്ത് പോയിട്ടില്ല എന്ന് രഖിൽ ഉറപ്പാക്കി. അതിനുശേഷമാണ് ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് കയറിയത്.
ഈ സമയം മാനസയും മൂന്നു സുഹൃത്തുക്കളും ഭക്ഷണം കഴിക്കുകയായിരുന്നു. രഖിലിനെ കണ്ട് മാനസ നീ എന്തിന് ഇങ്ങോട്ട് വന്നു എന്ന് ചോദിച്ചു. തുടർന്ന് മാനസയും കൂട്ടുകാരും മുറിക്കു പുറത്തിറങ്ങി. എന്നാൽ രഖിൽ മുറിക്കുള്ളിലേക്ക് കയറി. ഇതിനെത്തുടർന്നാണ് മാനസയും മുറിക്കുള്ളിലേക്ക് കടന്നത്. ഉടൻതന്നെ രഖിൽ വാതിൽ കുറ്റിയിട്ടു. സംസാരത്തിനിടെ വാക്കുതർക്കമുണ്ടായി. വീട്ടുടമയെ വിളിക്കാൻ സുഹൃത്തുക്കൾ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വെടിയൊച്ച കേട്ടത്. മാനസയുടെ തലയിലും നെഞ്ചിന് താഴെയും വെടിയുതിർത്തു. ഇതിനുശേഷം രഖിൽ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 7.62 പിസ്റ്റൽ ആണ് രഖിൽ വെടിവെക്കാൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് റൗണ്ട് വരെ വെടിയുതിർക്കാൻ ഇതിലൂടെ സാധിക്കും.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 11 മണിയോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും. അതിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. മാനസയുടെ മൃതദേഹം സ്വദേശമായ കണ്ണൂരിൽ എത്തിച്ച് സംസ്കരിക്കും.
രഖിൽ മുറിയെടുത്ത ശേഷം കുറച്ചു ദിവസം നെല്ലിക്കുഴിയിൽ ഉണ്ടായിരുന്നില്ല. മാനസയെ കൊലപ്പെടുത്താനായി തോക്കു വാങ്ങുന്നതിനടക്കമാണ് ഇവിടെ നിന്ന് രഖിൽ പോയതായാണ് പോലീസ് സംശയിക്കുന്നത്. രഖിലിന്റെ സുഹൃത്തുകളിൽ നിന്നടക്കം പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഫോൺ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.