കൊച്ചി: മന്ത്രിയെ കുടുക്കിയ ഫോൺ സെക്സ് ട്രാപ്പ് കേസിലൂടെ വിവാദത്തിലായ മംഗളം ചാനലിൽ കലാപം അവസാനിക്കുന്നില്ല. ചാനലിലെ സീനിയർ ന്യൂസ് റീഡർ എസ് വി.പ്രദീപിന് മന്ത്രിയെ കുടുക്കിയ കേസിലെ ഒന്നാം പ്രതിയിൽ നിന്നും ഭീഷണിയെന്ന് ആരോപണം. പ്രദീപ് തന്റെ ഫെയ്സ് ബുക്കിലാണ് തനിക്ക് ഭീഷണി ഉണ്ടെന്ന് കുറിച്ചിരിക്കുന്നത്. ഫോൺ ട്രാപ്പ് കേസിലെ ഒന്നാം പ്രതി മംഗളം ചാനലിലെ സി.ഇ.ഒ അജിത് കുമാർ മന്ത്രി ശശീന്ദ്രൻ ഫോൺ ട്രാപ്പിൽ കുറ്റവിമുക്തനായി വീണ്ടും മന്ത്രിയായിരിക്കുമ്പോഴും മന്ത്രിയെ കുടുക്കി എന്ന ഗൂഡാലോചന കേസ് ഇപ്പോഴും നിലവിൽ ഉണ്ട്. ആ കേസിലെ പ്രതിയുമാണ് എസ് വി.പ്രദീപ് .മുഖ്യമന്ത്രിയും ഡിജിപിയും ഉടൻ ഇടപെടണവെന്നും പ്രദീപ് ആവശ്യപ്പെടുന്നു. മാത്രമല്ല മംഗളം ചാനലിന്റെ ഓഫീസിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് എന്നും ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നു. മംഗളം ചാനൽ മാനേജ്മെന്റ് പ്രദീപിനെ കണ്ണൂരിിലേയ്ക്ക് ട്രാൻസ്ഫ റാക്കുകയും ചെയ്തിിട്ടുണ്ട് .
പ്രദീപിന്റെ പോസ്റ്റ്:
കേരള മുഖ്യമന്ത്രീ, ഡി ജി പി, അടിയന്തിരമായി ഇടപെടൂ……
ഫോൺ കെണിക്കേസിൽ ഒന്നാം പ്രതിയിൽ നിന്നും എനിക്ക് ജീവന് ഭീഷണി ഉണ്ട്. എത്തേണ്ടിടത്ത് എത്തുമ്പോൾ പരിഹരിക്കുമെന്ന് ഭീഷണി. തുടർന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റം.
cmo.kerala.gov.in : Your Petition : G180103358 is forwarded to Office Of ADGP(Head Quarters)
പരിഹാരം അകലെ ആകുമ്പോൾ എൻറെ സുരക്ഷിതത്വം ഞാൻ തെരുവിനെ വിശ്വസിച്ച് ഏൽപിക്കുന്നു. എന്നെ ഭയപ്പെടുത്തുന്നവരുടെ വാതിലിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്…
കഴിഞ്ഞ ദിവസം മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ വെളിപ്പെടുത്തലുകളുമായി എസ്. വി പ്രദീപ് രംഗത്ത് വന്നിരുന്നു. അപ്പോഴും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രദീപ് തന്റെ നിലപാടുകള്‍ വിശദീകരിച്ചിരിക്കുന്നത്. ഹണിട്രാപ്പ് വിവാദത്തില്‍ വലിയ നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് പ്രദീപ് വ്യക്തമാക്കുന്നു . യഥാര്‍ത്ഥ കുറ്റവാളികള്‍ ഒളിഞ്ഞും തെളിഞ്ഞും വിലസുകയാണെന്നും കള്ളക്കഥകള്‍ വിളമ്പുകയാണെന്നും പ്രദീപ് ആരോപിക്കുന്നു..
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു:
എ കെ ശശീന്ദ്രൻ അശ്ലീല ഫോൺ സംഭാഷണ കേസിൽ വലിയ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നു….വലിയ വലിയ നിഗൂഢതകൾ..
യഥാര്‍ത്ഥ കുറ്റവാളികൾ ഒളിഞ്ഞും തെളിഞ്ഞും വിലസുന്നു… സ്വന്തം അന്തപുരത്തിൽ ആശ്രിതരാൽ കളളക്കഥകൾ വിളമ്പുന്നു….വസ്തുതകളെ വളച്ചൊടിച്ച് പച്ചക്കളളം വിളമ്പി ഞളിയുന്നു…അവിടെ സത്യം മറഞ്ഞുപോകുന്നത് നീതികേടാവില്ലേ…
യഥാർത്ഥ കളളൻമാരെ, കുടിലതകളെ, ശകുനികളെ, പുറത്തെത്തിക്കുക അല്ല എൻറെ നിയമ പോരാട്ടത്തിൻറെ ലക്ഷ്യം… എൻറെ നിരപരാധിത്വം തെളിയിക്കപ്പെടണം… അതു മാത്രം ലക്ഷ്യം…
ആട്ടിൻതോലിട്ട ചെന്നായ്ക്കളുടെ കപടതകളിൽ, കുടിലതകളിൽ ഇനി ഒരു മാധ്യമ പ്രവർത്തകൻറേയും നീതിബോധം എരിഞ്ഞടങ്ങാൻ പാടില്ല…
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ രണ്ട് കേസുകളുമായി മുന്നോട്ട് പോകുന്നു.. അഡ്വ വെഞ്ഞാറമൂട് എം സിയാദിൻറെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്..വിജയിച്ചാലും പരാജയപ്പെട്ടാലും ചെറിയ ശ്രമമാണ്…..
ആരെയെങ്കിലും കുറ്റപ്പെടുത്തുക അല്ല ഹൈക്കോടതി കേസിൻറെ ലക്ഷ്യം. ഞാൻ ആ കേസിൽ 100% നിരപരാധിയാണ്. മനസാ വാചാ കർമ്മണ ഒരു തെറ്റും ചെയ്തിട്ടില്ല. അഭിസാരത്തിൻറെ കുടിലതകളിൽ ഒരു നിമിഷം പോലും പങ്കാളി ആയിട്ടില്ല…
ക്രൈം ബ്രാഞ്ച് ഗൂഢാലോചനകുറ്റം ചുമത്തി എന്നെ കേസിൽ ഉൾപ്പെടുത്തിയത് നൂറു ശതമാനം തെറ്റായ തീരുമാനമാണ്. അന്വേഷണ സംവിധാനങ്ങളുടെ തികഞ്ഞ പരാജയത്തിൻറെ ഉത്തമ ഉദാഹരണം ആണ് എന്നെ ഗൂഢാലോചന കുറ്റം ചുമത്തി വേട്ടയാടിയത്. എൻറെ നിരപരാധിത്വം തെളിയിക്കാനുളള എൻറെ ചെറു പോരാട്ടം,,അതാണ് ഹൈക്കോടതി…
ഒരുപാട് ഗുരുതരമായ വീഴ്ചകൾ അന്വേഷണ സംവിധാനത്തിന് ഉണ്ടായി. നീതിപൂർവ്വം എന്ന് വിശ്വസിക്കാവുന്ന ഒരു സർക്കാരിൽ നിന്നോ മുഖ്യമന്ത്രിയിൽ നിന്നോ അന്വേഷണ സംവിധാനത്തിൽ നിന്നോ ഉണ്ടാകാൻ പാടില്ലാത്തത്ര ഗുരുതരമായ വീഴ്ച ഗുരുതര നീതികേട് ഈ കേസിൽ എനിക്കുണ്ടായി.
നിലവിലുളള സംവിധാനങ്ങളിൽ പ്രതീക്ഷ ഉണ്ട് അവ സത്യം തെളിയിക്കട്ടേ…
“”കുറ്റാരോപിതൻറെ കുമ്പസാരം”” പുസ്തകം പകുതി പിന്നിട്ടു. ശശീന്ദ്രൻ കേസിൻറെ സമഗ്ര ചിത്രം ഈ പുസ്തകം വിളിച്ചു പറയും വള്ളി പുള്ളി വിടാതെ.
മന്ത്രി എ കെ ശശീന്ദ്രനോട് ഒരപേക്ഷ…. ഇന്ന് അങ്ങ് മന്ത്രി ആണ്… ഭരണഘടനയിൽ തൊട്ട് സത്യവാചകം ചൊല്ലിയ മന്ത്രി… താങ്കളുടെ സത്യവാചകം ഇതാണ്..
“”””എൻറെ കർത്തവ്യങ്ങൾ മനസാക്ഷിയെ മുൻനിറുത്തിയും നിയമം അനുസരിച്ചും ഭീതിയോ പക്ഷഭേദമോ പ്രീതിയോ കൂടാതെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു”””””
അതെ നികുതി നൽകുന്ന അങ്ങയുടെ പൗരനെന്ന നിലയിൽ എൻറെ ആവശ്യം ഇതാണ്…
അങ്ങ് ഉൾപ്പെട്ട അശ്ലീല ഫോൺ സംഭാഷണത്തിൽ അങ്ങയുടെ പക്ഷം എന്താണ് ?? മനസാക്ഷി എന്താണ്?? അങ്ങയുടെ സത്യം എന്താണ്?? ഒരു നിയമ വഴിയിലും അങ്ങ് അത് പറഞ്ഞതായി ഇതുവരെ എനിക്ക് കണ്ടെത്താനായില്ല. എന്താണ് യഥാർത്ഥത്തിൽ നടന്നതെന്നും മനസിലാക്കിയതെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ അങ്ങയുടെ മനസാക്ഷിയെ മുൻനിറുത്തി അങ്ങ് സത്യപ്രസ്താവന നടത്തണം. അല്ലെങ്കിൽ എന്നെപ്പോലെ തീർത്തും നിരപരാധികളായവർ പുകമറയിലാകും..യഥാർത്ഥ കുറ്റവാളികൾ,,ആട്ടിൻതോലിട്ട ചന്നായിക്കൾ, പകൽ മാന്യൻമാരായി വിലസും. അഭിസാരത്തിൻറെ അപ്പോസ്തലൻമാർ വിശുദ്ധ വേഷം അണിഞ്ഞ് വീരവാദം മുഴക്കും….
ഇതിൽ ഏത് ഗണത്തിലാകും അങ്ങയെ ചരിത്രം വിലയിരുത്തുക. വാർദ്ധക്യത്തിൻറ സായാഹ്നത്തിൽ സത്യം വിളിച്ചു പറഞ്ഞ് ഭീഷ്മരാകൂ എ കെ ശശീന്ദ്രൻ..ആ സത്യം അങ്ങയെ തിരസ്കൃതനാക്കിയാൽ സ്വയം വനവാസത്തിന് പോകൂ.. സ്വീകാര്യനാക്കിയാൽ മറ്റുളളവരാൽ അങ്ങ് പൂജിതനാകും….സത്യം വിളിച്ചുപറയൂ എ കെ ശശീന്ദ്രൻ….
വിവരം കെട്ട നേരും നെറിയും കെട്ട അന്ധന്മാരായ സൈബർ സഖാക്കളുടെ വിഢിവേഷം കെട്ടിയുള കൂലിയെഴുത്തല്ല ഇക്കാര്യത്തിൽ സത്യമെന്ന് അങ്ങേയ്ക്ക് 100% അറിയാം..എനിക്കുറപ്പുണ്ട്…..