
ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ രാജ്യം വിറങ്ങലിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. തന്നെ കണ്ട എംഎല്‍എമാരെയാണ് ബിരേന്‍ സിംഗ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗക്കേസുകളില്‍ നടപടി ഉറപ്പാക്കുമെന്നും താന്‍ നേരിട്ട് നടപടി നിരീക്ഷിക്കുന്നുണ്ടെന്നും ബീരേന്‍ സിംഗ് അറിയിച്ചു. മിസോറാമിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. അതിനിടെ, മെയ്‌തെയ് വിഭാഗത്തോട് സംസ്ഥാനം വിടാന്‍ മുന്‍ വിഘടനവാദികളുടെ സംഘടന ആവശ്യപ്പെട്ടു. പ്രസ്താവന സംഘടന തിരുത്തിയെങ്കിലും നിരവധി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനം വിട്ടു.
അതേസമയം, മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.