ആ പൂ്ക്കള്‍ മഞ്ഞില്‍ വിരിഞ്ഞിട്ട് 35 വര്‍ഷം

1980 ഡിസംബറിലെ അവസാന വ്യാഴാഴ്ച കേരളത്തിലെ 16 ഓളം പ്രമുഖ കേന്ദ്രങ്ങളില്‍ ഒരു ലോ ബജറ്റ് ചിത്രം പ്രദര്‍ശനത്തിനെത്തി. ക്യാമറയക്ക് മുന്‍പിലും പിറകിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ മലയാള സിനിമയുടെ നടുമുറ്റത്തേക്ക് കൈപിടിച്ച് കയറ്റിയത് പ്രതിഭാ സമ്പന്നനായ ഒരു നിര്‍മാതാവും ബാനറും. നവോദയയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു ആ ചിത്രം. പില്‍ക്കാലത്ത് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഫാസിലിന്റെ ആദ്യ സംവിധാനസംരംഭം . നടി പൂര്‍ണ്ണിമ ജയറാമിന്റെയും സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെയും ആദ്യ ചിത്രം. നടന്‍ ശങ്കറിന്റെ മലയാളത്തിലെ ആദ്യ ചിത്രം. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം. മലയാള സിനിമയില്‍ ഒരു പുതിയ ട്രെന്റിന് തുടക്കം കുറിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായിട്ട് ഈ ഡിസംബറില്‍ 35 വര്‍ഷം പൂര്‍ത്തിയാകുന്നു.

ആക്ഷന്‍ ഹീറോ ജയന്റെ മരണത്തിനു ശേഷം വിറങ്ങലിച്ചു നിന്ന മലയാള സിനിമാപ്രേക്ഷകരില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആദ്യ ദിനങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. എന്നാല്‍ സിനിമയുടെ മര്‍മ്മം അറിയുന്ന തന്ത്രശാലിയായ നിര്‍മ്മാതാവ് സിനിമാഭാഷയില്‍ ‘ഹോള്‍ഡ് ഓവറായ’ ചിത്രത്തെ രക്ഷപെടുത്താന്‍ തീയറ്ററുകളുടെ സഹകരണം ഉറപ്പു വരുത്തി. പുതിയ പരസ്യ തന്ത്രങ്ങളും വിപണന തന്ത്രങ്ങളിലൂടെയും പതുക്കെ പതുക്കെ ആ കൊച്ചുചിത്രം ജനഹൃദയങ്ങളില്‍ ഒരു നൊമ്പരമായി പടര്‍ന്നുകയറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവോദയയുടെ ബാനറില്‍ അപ്പച്ചനാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നിര്‍മ്മിച്ചത്. അപ്പച്ചന്റെ മകന്‍ ജിജോയും ഫാസിലും സുഹൃത്തുക്കളായിരുന്നു. ആലപ്പുഴക്കാരനായ ഫാസില്‍ നവോദയയുടെ കഥാചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. നസീര്‍, മധു, സുകുമാരന്‍ തുടങ്ങി അന്ന് മുന്‍ നിരയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളെ ഉള്‍പ്പെടുത്തി നവോദയ നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രമായ തീക്കടലിന്റെ രചന ഫാസിലായിരുന്നു. തീക്കടല്‍ വന്‍ വിജയം നേടി. അപ്പച്ചന് ഫാസിലിനെ ഇഷ്ടമായി, നവോദയയുടെ അടുത്ത ചിത്രം പുതുമുഖങ്ങളെ അണിനിരത്തി കുറഞ്ഞ ബജറ്റില്‍ ഒരുക്കാമെന്ന ആശയം അപ്പച്ചന്‍ ഫാസിലിനോടു പറഞ്ഞു. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഫാസില്‍ ഒരു ദുരന്ത പ്രണയകഥ ഉണ്ടാക്കി. കഥ ജിജോയ്ക്കും അപ്പച്ചനും ഇഷ്ടമായി.

പത്രങ്ങളില്‍ പുതുമുഖങ്ങളെ ആവശ്യപ്പെട്ട് പരസ്യവും നല്‍കി. ഒരു മാഗസിന്റെ കവര്‍ചിത്രമായിവന്ന പൂര്‍ണ്ണിമ ജയറാമിനെ നായികയായി തീരുമാനിച്ചു. ‘ഒരു തലൈരാഗം’ എന്ന തമിഴ് സിനിമ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം. അതിലെ നായകന്‍ മലയാളിയായ ശങ്കറായിരുന്നു. ശങ്കറെ പ്രേംകൃഷ്ണന്‍ എന്ന നായക കഥാപാത്രമായി നിശ്ചയിച്ചു. ചിത്രത്തിലെ പ്രതി നായകനും പ്രത്യേകതകളുമുളള കഥാപാത്രമായ നരേന്ദ്രനെ അവതരിപ്പിക്കാന്‍ മോഹന്‍ ലാലിനെ തിരഞ്ഞെടുത്തു. പലരും കരുതും പോലെ മോഹന്‍ലാലിന്റെ ആദ്യം റിലീസായ സിനിമയല്ല മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. 1978 ല്‍ തിരനോട്ടം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. കേരള ഗവണ്‍മെന്റിന്റെ സബ്‌സിഡി കിട്ടണമെങ്കില്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം.

തിരനോട്ടം കൊല്ലത്ത് കൃഷ്ണ ടാക്‌സില്‍ ഒരാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം മോഹന്‍ലാല്‍ കാണുമ്പോള്‍ അപേക്ഷിക്കാനുളള അവസാന തീയതി കഴിഞ്ഞിരുന്നു. എന്നാല്‍ സുഹൃത്തുക്കളുടെ പ്രേരണയില്‍ മോഹന്‍ലാല്‍ അപേക്ഷ അയച്ചു. അപ്പച്ചന്റെ വീട്ടിലായിരുന്നു ഇന്റര്‍വ്യു. ഇന്റര്‍വ്യൂവില്‍ 90 ലധികം മാര്‍ക്ക് നല്‍കിയാണ് ഫാസില്‍ നാണം കുണുങ്ങിയും എന്നാല്‍ ക്രൂരനുമായ നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലാലിനെ തിരഞ്ഞെടുത്തത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഹൈലൈറ്റ് അതിലെ പാട്ടുകളായിരുന്നു . ബിച്ചു തിരുമലയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ പാട്ടുകള്‍ രചിച്ചത്.

പുതുമുഖത്തിന്റെ പതര്‍ച്ചയില്ലാതെ ആവരികള്‍ക്ക് മനോഹരമായ ഈണം നല്‍കുവാന്‍ ജെറി അമല്‍ദേവിന് കഴിഞ്ഞു. മിഴിയോരം നനഞ്ഞൊഴുകും , മഞ്ഞണിക്കൊമ്പില്‍, മഞ്ചാടിക്കുന്നില്‍ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനം ആലപിച്ച യേശുദാസും എസ്.ജാനകിയും ആവര്‍ഷത്തെ ഏറ്റവും മികച്ച ഗായകനും ഗായികയ്ക്കുമുളള സംസ്ഥാന പുരസ്‌കാരം നേടി. ബിച്ചു തിരുമല എഴുതിയ വരികളില്‍ നിന്നാണ് ഫാസില്‍ തന്റെ സിനിമയ്ക്ക് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന് പേര് കണ്ടെത്തിയത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് പരസ്യകല നിര്‍വഹിച്ചത് പ്രതിഭാധനനായ പി. എന്‍ മേനോന്‍ ആയിരുന്നു. അദ്ദേഹം വ്യത്യസ്ത പാറ്റേണില്‍ സൃഷ്ടിച്ച എല്ലാ പോസ്റ്ററുകളും അപ്പച്ചന്‍ പരസ്യത്തിനായി ഉപയോഗിച്ചു. അശോക് കുമാറാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ക്യാമറ കൈകാര്യം ചെയ്തത് കൊടൈക്കാനാലിന്റെ ദൃശ്യ ഭംഗി ഒട്ടും ചോരാതെ തന്നെ അദ്ദേഹം ക്യാമറയിലാക്കി. നായിക പ്രഭയുടെ അച്ഛനായി പ്രതാപ ചന്ദ്രനും നായകന്‍ പ്രേംകൃഷ്ണന്റെ കുശിനികാരനായി ആലുംമൂടനും തങ്ങളുടെ റോള്‍ ഭദ്രമാക്കി. അക്കാലത്ത് നായക റോളില്‍ തിളങ്ങിയിരുന്ന നെടുമുടി വേണു തന്റെ സുഹൃത്തായ ഫാസിലിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ ഒരു വളളക്കാരന്റെ ചെറിയ ഒരു വേഷം കൈകാര്യം ചെയ്തു.

ജയന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് മാറ്റി വച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ 1980ലെ ക്രിസ്മസ് ദിനത്തില്‍ പുറത്ത് വന്നു. നായിക പ്രഭയുടെ വിഷാദം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. ആ വര്‍ഷത്തെ മികച്ച നടിക്കുളള അവാര്‍ഡ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പൂര്‍ണ്ണിമാജയറാമിന് ലഭിച്ചു. ഫാസിലിന്റെ കയ്യൊതുക്കമുളള രചനയും സംവിധാനവും ചിത്രത്തിന്റെ വന്‍ വിജയത്തിന് നിദാനമായി. 1980 ലെ കലാമേന്മയും ജനപ്രീതിയും നേടിയ സിനിമയായി അവാര്‍ഡ് ജൂറി മഞ്ഞില്‍ വിരിഞ്ഞ പൂക്കളെ തിരഞ്ഞെടുത്തു.

ചിത്രത്തിന്റെ വിജയത്തിന് നിദാനമായ മലയാളികള്‍ ഇന്നും ഏറ്റുപാടുന്ന മനോഹരമായ ഈണങ്ങളൊരുക്കിയ ജെറിഅമല്‍ദേവിന് മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരവും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലുടെ ലഭിച്ചു. തനിക്ക് ബ്രേക്ക് നല്‍കിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ക്യാമറ മോഹന്‍ലാല്‍ പില്‍ക്കാലത്ത് സ്വന്തമാക്കി. മലയാളത്തില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്കു കരുത്ത് നല്‍കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ നല്‍കിയ കരുത്തായിരുന്നുവെന്ന് മോഹന്‍ലാല്‍ അനുസ്മരിക്കുന്നു. 35 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളെ സ്‌നേഹിക്കുന്നു.

Top