കൊച്ചി:ജമ്മു കശ്മീരില്‍ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പിഞ്ചുപൈതലായ ആസിഫിക്ക് വേണ്ടി രാജ്യം തേങ്ങുകയാണ് .ക്രൂരമായ ഈ സംഭവത്തിൽ പ്രതിഷേധവുമായി മഞ്ജു വാര്യര്‍. കത്വവ എന്ന നാടിന്റെ പേര് കേൾക്കുന്പോൾ ഇപ്പോൾ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണമെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. കാശ്മീരിൽ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേൾക്കാതെ പോയ വിതുന്പലുകൾക്ക്. തകർന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടതെന്നും മഞ്ജു.
ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യമുടനീളം ശബ്ദമുയരുകയാണ് ഇപ്പോള്‍. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകയ്ക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ വയലറ്റ് ഗൗണ്‍ ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ലീന മണിമേഖല പ്രതിഷേധിച്ചിരുന്നു. ജാതി മത ലിംഗ നിറബേധങ്ങള്‍ മറന്ന് എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ ലോകത്ത് മറ്റൊന്നിനുവേണ്ടിയും ഒരുമിക്കാന്‍ നമുക്കാകില്ലെന്നാണ് ടെന്നീസ് താരം സാനിയ മിര്‍സ പ്രതികരിച്ചത്.
അതിക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയയായി കൊല്ലപ്പെട്ട ആസിഫയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.
കൊല്ലപ്പെടുന്നതിനു മുന്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിന മുന്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കത്തുവ എന്ന നാടിന്റെ പേര് കേൾക്കുമ്പോൾ ഇപ്പോൾ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരിൽ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേൾക്കാതെ പോയ വിതുമ്പലുകൾക്ക്. തകർന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും.. ഓരോ തവണയും നമ്മുടെ പെൺകുഞ്ഞുങ്ങൾ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോൾ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകൾക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നിൽ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോർത്ത് കണ്ണീർ പൊഴിക്കാം…