കൊച്ചി: മഞ്ജുവാര്യര്‍ക്കുനേരെ വധ ഭീഷണിയെന്ന് വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് മഞ്ജുവാര്യര്‍, മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പത്രമാണ് ചെങ്കല്‍ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ വധഭീഷണി എന്ന തരത്തില്‍ വാര്‍ത്ത പുറത്ത് വിട്ടത്. ഈ സംഭവത്തില്‍ മഞ്ജു വിശദീകരിക്കുന്നത് പക്ഷെ ഇങ്ങനെയാണ്….
മഞ്ജുവിന്റെ വിശദീകരണക്കുറിപ്പ് ഇങ്ങനെ:
എന്റെ പുതിയ ചിത്രമായ ‘ഉദാഹരണം സുജാത’യുടെ ചിത്രീകരണം രണ്ടാഴ്ചയായി തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയില്‍ നടക്കുകയാണ്. ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് ചെങ്കല്‍ച്ചൂള നിവാസികള്‍ ഒപ്പമുണ്ട്.
അവരിലാരും വാക്കു കൊണ്ടു പോലും എന്നെ വേദനിപ്പിച്ചിട്ടില്ല. നിറയെ സ്നേഹവും ബഹുമാനവും നല്കി പ്രോത്സാഹിപ്പിച്ചിട്ടേ യുള്ളൂ. അതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. എന്നാല്‍ ചെങ്കല്‍ച്ചൂള നിവാസികളെ മോശമായി ചിത്രീകരിക്കാനും അവരെ ഞങ്ങള്‍ക്കെതിരാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
ലൊക്കേഷനിലുണ്ടായ തീര്‍ത്തും നിസ്സാരമായ സംഭവത്തെ പെരുപ്പിച്ചു കാട്ടിയും അതിലേക്ക് ചെങ്കല്‍ച്ചൂളയിലുള്ളവരെ വലിച്ചിഴച്ചുമാണ് ഈ പ്രചാരണം. എന്താണ് ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യമെന്ന് അറിയില്ല. എന്നെ ഒരു പുസ്തക വിതരണച്ചടങ്ങിലേക്ക് ക്ഷണിക്കാനായി ചെങ്കല്‍ച്ചൂളയ്ക്ക് പുറത്തു നിന്നുള്ള ചിലര്‍ ലൊക്കേഷനിലെത്തിയിരുന്നു.
കഥാപാത്രത്തിനുള്ള മേക്കപ്പ് ദിവസംമുഴുവന്‍ സൂക്ഷിക്കേണ്ടതിനാല്‍ ചടങ്ങിനെത്താനുള്ള അസൗകര്യം അണിയറ പ്രവര്‍ത്തകര്‍ മുഖേനയും, ഞാന്‍ നേരിട്ടും അവരെ അറിയിച്ചിരുന്നു.
വരണമെന്ന് അവര്‍ ആദ്യം നിര്‍ബന്ധം പിടിക്കുകയും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ ശാന്തരായി മടങ്ങുകയും ചെയ്തു. ഇതിനെയാണ് കത്തിമുനയില്‍ നിര്‍ത്തി എനിക്കെതിരായി വധഭീഷണി മുഴക്കിയെന്ന വാര്‍ത്തയാക്കി മാറ്റിയത്. സിനിമയിലുള്ള ചിലരുടെ ക്വട്ടേഷനാണെന്ന നിറം പിടിപ്പിച്ച നുണ കൂടി അതിനൊപ്പം ചേര്‍ത്തു. എന്നെ ആരും കത്തിമുനയില്‍ നിര്‍ത്തിയിട്ടില്ല. വധഭീഷണിയുമുണ്ടായിട്ടില്ല. സിനിമയിലുള്ള സഹപ്രവര്‍ത്തകര്‍ക്കെതിരായ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ വേദനാജനകമാണ്. എന്നിലൂടെ ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് എന്തെങ്കിലും മനോവിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. – ഇത്രയുമാണ് മഞ്ജു വ്യക്തമാക്കുന്നത്.