അടുത്ത കാലം വരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരായിരുന്നു ട്രാന്‍സ് ജന്‍ഡര്‍ വിഭാഗക്കാര്‍.എന്നാല്‍ സമൂഹത്തിന്റെ മനോഭാവത്തിന് ഇപ്പോള്‍ മാറ്റം വന്നു തുടങ്ങിരിക്കുന്നു. കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍പെട്ട 23 പേര്‍ക്ക് ജോലി നല്കാനുള്ള തീരുമാനം ചരിത്രപരമെന്ന് നടി മഞ്ജുവാര്യര്‍. ആത്മവിശ്വാസത്തോടെ സമൂഹത്തെ അഭിമുഖീകരിച്ച ട്രാന്‍സ് ജന്‍ഡര്‍ സമൂഹവും അവര്‍ക്കു പിന്തുണയുമായി സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അണിനിരന്നവരുമാണ് ആ മാറ്റത്തിന് പിന്നില്‍.
പുരോഗതിയിലേക്കും മാറ്റത്തിലേക്കുമുള്ള യാത്രയില്‍ ഇതിലും നല്ലൊരു തുടക്കമില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പ്രയോഗത്തിന്റെ ആവശ്യം പോലും ഇന്നില്ല. ഇ ശ്രീധരന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെയും നേതൃത്വത്തില്‍ അനേകായിരങ്ങളുടെ വിയര്‍പ്പില്‍ ഉയര്‍ന്ന ഈ പദ്ധതി നമ്മുടെ നാടിനെ കൂടുതല്‍ ഗതിവേഗത്തോടെ നാളെയിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണെന്നും മഞ്ജുവാര്യര്‍ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
മഞ്ജുവിന്റെ ഫെയസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ അഭിമാനപാതയിലൂടെയാണ് കൊച്ചി മെട്രോ ഓടിത്തുടങ്ങുന്നത്. അതിന്റെ പച്ചവെളിച്ചം വളര്‍ച്ചയുടെ വലിയൊരു ദിശാസൂചികയുമാണ്. ബഹുമാന്യനായ ഇ.ശ്രീധരന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെയും നേതൃത്വത്തില്‍ അനേകായിരങ്ങളുടെ വിയര്‍പ്പില്‍ ഉയര്‍ന്ന ഈ പദ്ധതി നമ്മുടെ നാടിനെ കൂടുതല്‍ ഗതിവേഗത്തോടെ നാളെയിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. ഈ നല്ല നിമിഷത്തില്‍ മറ്റൊന്ന് കൂടി ഏറെ സന്തോഷം തരുന്നു. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 23 പേര്‍ക്ക് മെട്രോയില്‍ ജോലി നല്കാനുള്ള തീരുമാനത്തെ ചരിത്രപരം എന്നു വിശേഷിപ്പിക്കാം. അടുത്ത കാലം വരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു ട്രാന്‍സ് ജന്‍ഡര്‍ വിഭാഗക്കാര്‍. പക്ഷേ ആ മനോഭാവത്തിനൊരു തിരുത്ത് വന്നു തുടങ്ങിയിട്ടുണ്ട്. തല കുനിക്കാതെ ആത്മവിശ്വാസത്തോടെ സമൂഹത്തെ അഭിമുഖീകരിച്ച ട്രാന്‍സ് ജന്‍ഡര്‍ സമൂഹവും അവര്‍ക്കു പിന്തുണയുമായി സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അണിനിരന്നവരുമാണ് ആ മാറ്റത്തിന് പിന്നില്‍. ആ സാമൂഹിക മുന്നേറ്റത്തിന്റെ നാള്‍ വഴിയിലെ നിര്‍ണ്ണായക വിജയമാണ് മെട്രോ റയില്‍ ലിമിറ്റഡ് സൃഷ്ടിച്ചത്. പുരോഗതിയിലേക്കും മാറ്റത്തിലേക്കുമുള്ള യാത്രയില്‍ ഇതിലും നല്ലൊരു തുടക്കമില്ല. സിനിമയില്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഒട്ടേറെ പേരോടൊത്ത് ജോലി ചെയ്തിട്ടുണ്ട്. ട്രാന്‍സ് ജന്‍ഡര്‍ എന്ന വേര്‍തിരിവ് പോലും ആവശ്യമില്ലെന്നാണ് അപ്പോഴൊക്കെ തോന്നിയിട്ടുള്ളത്. അവര്‍ നമ്മള്‍ തന്നെയാണ്. ലിംഗസമത്വത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന പ്രഖ്യാപനത്തോടെ കൊച്ചി മെട്രോ ചലിച്ചു തുടങ്ങുമ്‌ബോള്‍ അന്തരീക്ഷത്തില്‍ കേള്‍ക്കാനാകുന്നതും അതേ വാക്കുകള്‍ തന്നെ.