മാധ്യമ പ്രവര്‍ത്തകരേ ഈ മൗനം അശ്ലീലമാണ്; മംഗളത്തിന് നേരെ ഭരണകൂടവും പോലീസും വക്കീലന്മാരും പകപോക്കല്‍ നടത്തുകയാണ്

മാധ്യമ സുഹൃത്തുക്കളേ, ഈ മൗനം അശ്ലീലമാണു!!

മംഗളം ചാനലിന്റെ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യം പോലും ലഭിക്കാതെ റിമാന്റ് ചെയ്ത നടപടി മലയാളത്തിലെ ഇതര മാധ്യമ സുഹൃത്തുക്കള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. എന്തിന്റെ പേരിലായാലും ആത്യന്തികമായി മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടുന്ന ഭരണകൂട ഭീകരതയാണിവിടെ നടക്കുന്നതെന്നു മറന്നു പോകുന്നത് അത്യന്തം ഗുരുതരവും അക്ഷന്തവ്യമായ അശ്ലീലതയുമായിരിക്കും. ഒരു സ്ഥാപനത്തിലെ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട അഞ്ചു പേരേയാണു, അതായത്, നമ്മുടെ സഹജീവികളേയാണു അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിയുടെ അശ്ലീല സംഭാഷണം ടേപ്പു ചെയ്ത രീതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിങ്ങള്‍ മറന്നു പോകുന്നത്, ഇനിയൊരിക്കലും പൊതുപ്രവര്‍ത്തകരുടെ ഹീനവും കൊള്ളരുതായ്മകള്‍ക്കെതിരേയുമുള്ള ഒരു തരത്തിലുമുള്ള മാധ്യമപ്രവര്‍ത്തനവും ഈ നാട്ടില്‍ നടക്കില്ല എന്നതിനെ അടിവരയിടുന്നതാണു. ഉദ്യോഗസ്ഥഅധികാരസാമൂഹ്യ രംഗത്തുള്ളവരുടെ അഴിമതിയേയോ, അരാജകത്വത്തിനെതിരേയോ ഏതെങ്കിലും മലയാള മാധ്യമം രഹസ്യ ഓപ്പറേഷന്‍ നടത്തി വാര്‍ത്ത കൊടുത്താല്‍, അതിന്റെ പേരില്‍ അതില്‍ ഉള്‍പ്പെട്ടവരുടെ സ്വകാര്യതയുടെ പേരില്‍ ഇങ്ങനേയുള്ള മാധ്യമ പ്രവര്‍ത്തകരും മേധാവികളും അറസ്റ്റു ചെയ്യപ്പെടുന്ന സാധ്യത അനതിവിദൂരമല്ല.

ഒരു മന്ത്രി രഹസ്യമായി കൈക്കൂലി വാങ്ങിയാല്‍, ഒരു ഉദ്യോഗസ്ഥന്‍ കാര്യസാധ്യത്തിനായി പെണ്ണുടല്‍ ഉപയോഗിച്ചാല്‍ ഇതെല്ലാം തെളിവടക്കം കിട്ടിയാല്‍ പോലും സംപ്രേഷണം ചെയ്യാന്‍ പറ്റാത്ത ഗതികേടിലേക്കാണു കേരളത്തിലെ സമൂഹ്യാന്തരീക്ഷം നീങ്ങുന്നത്. അഥവാ സംപ്രേഷണം ചെയ്താല്‍ എല്ലാവരേയും ഒന്നിച്ചു അറസ്റ്റ് ചെയ്താല്‍പ്പോലും മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലേക്കും എത്തപ്പെടും.

മംഗളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് ജാമ്യമെടുക്കാന്‍ തലസ്ഥാന നഗരിയിലെ ഒരു അഡ്വക്കറ്റ് പോലും തയ്യാറായില്ല. കാരണം എന്താണെന്നറിയേണ്ടേ? മാധ്യമപ്രവര്‍ത്തകരും വക്കീലന്മാരും തമ്മില്‍ കുറച്ചു നാള്‍ മുന്‍പ് നടന്ന തെരുവുയുദ്ധത്തിന്റെ ബാക്കിപത്രവും കുടിപ്പകയും അവര്‍ പ്രകടിപ്പിച്ചു. എന്റെ അറിവു ശരിയാണെങ്കില്‍ ഇവര്‍ക്ക് ജാമ്യം നേടിക്കൊടുക്കാന്‍ പിന്നീട് രണ്ട് അഡ്വക്കറ്റുമാര്‍ തയ്യാറായെങ്കിലും അവരെ മറ്റുള്ളവര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണുണ്ടായത്. അന്നു വക്കീലന്മാര്‍ക്കെതിരെ ശക്തമായി നിന്ന ഒരാളാണു ഇന്ന് അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത്! ഇതിനര്‍ത്ഥം എന്താണു? മാധ്യമ പ്രവര്‍ത്തകരെ ഭരണകൂടവും പോലീസും വക്കീലന്മാരും തങ്ങളുടെ പക പോക്കാന്‍ ഉപയോഗിക്കുമ്പോള്‍ കേവലം കൊതിക്കെറുവിന്റെ പേരില്‍ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരേ, നിങ്ങള്‍ ഇനിയും മൗനം അവലംബിക്കുയാണു ചെയ്യുന്നതെങ്കില്‍ അതു ഗുരുതരമായ അലംഭാവമായിരിക്കും എന്ന് മനസ്സിലാക്കാന്‍ മീഡിയാ അക്കാദമിയിലോ പാഴൂര്‍ പടിപ്പുരയിലോ പോകേണ്ടി വരില്ലെന്നര്‍ത്ഥം.

മംഗളത്തിന്റെ ‘ഇര’യെന്ന ക്ലീഷേ ഭാഷയില്‍ പറയുന്ന മന്ത്രിക്ക് പരാതിയില്ലാത്ത അവസ്ഥയില്‍ ആര്‍ക്കു വേണ്ടിയാണു ഈ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നു ചോദിക്കാനുള്ള ലളിത മനസ്സെങ്കിലും നിങ്ങള്‍ കാണിക്കണം.
കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന രണ്ട് അറസ്റ്റുകള്‍ നമ്മോടു പറയുന്ന പേടിപ്പിക്കുന്ന രണ്ടു അവസ്ഥകളുണ്ട്. ഒന്ന്, മാധ്യമപ്രവര്‍ത്തനം എന്നത് ഭരണകൂട ഭീകരതക്കു മുന്നില്‍ അടിയറവു പറയുകയും മറ്റൊരാളും അതിനോടു പ്രതികരിക്കാതിരിക്കുകയും. രണ്ട്, കേരളത്തിലെ ഒരു പൊതു ഇടത്തില്‍ നീതിക്കു വേണ്ടി സമരം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്ന ഭീതിതമായ സത്യം.

ഷാജഹാനേയും ഷാജിര്‍ ഖാനേയും മറ്റും പോലീസ് അറസ്റ്റ് ചെയ്തത് എന്തിന്റെ സൂചനയാണു? ഇനി ഒരു പൊതു സമരം നമുക്കു വേണ്ടെന്നാണോ? നാം ജീവിക്കുന്നത് എവിടെയാണു? തിരുവിതാംകൂര്‍ രാജവംശത്തിലെ ഏമാന്മാരുടെ വ്യഭിചാരത്തെക്കുറിച്ചെഴുതിയതിനാണു നമ്മുടെ തലതൊട്ടപ്പനായ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയതെന്ന കേവല സത്യം നിങ്ങള്‍ മറന്നു പോകുന്നുവോ? ഒരു മന്ത്രി എല്ലാ തരത്തിലും സംശുദ്ധനായിരിക്കണമെന്നും അയാളില്‍ കളങ്കമുണ്ടാവാന്‍ പാടില്ലെന്നും ഒരു ജനത വിശ്വസിക്കുന്നുവെങ്കില്‍, ആ കളങ്കത്തെ ഏതു മാര്‍ഗത്തിലുമാവട്ടെ, തുറന്നു കാണിക്കാന്‍ ശ്രമിച്ചെങ്കില്‍ അതില്‍ നിങ്ങളെന്തിനാണു സ്ഥാപിത താല്‍പ്പര്യം കൂട്ടിക്കലര്‍ത്തുന്നത്? അതല്ല, നിങ്ങള്‍ നാഴികക്കു നാല്‍പ്പതു വട്ടം ആണയിടുന്ന സഹജീവി സ്‌നേഹം പൊള്ളയാണെന്നാണോ? വലിപ്പച്ചെറുപ്പമില്ലാതെ ഒത്തുകൂടുന്ന പ്രസ്സ് ക്ലബ്ബുകള്‍ കേവലം കെട്ടിടങ്ങളാണെന്നാണോ?

ഇനിയും വൈകിയിട്ടില്ല. ഭരണകൂടത്തിന്റെ ഈ പ്രവണതക്കു നിങ്ങള്‍ മൗനംകൊണ്ട് അരു നില്‍ക്കുകയാണെങ്കില്‍ ഇനിയും നശിച്ചു പോകാത്ത മാധ്യമധര്‍മത്തിനും കൂട്ടായ്മക്കും ഒപ്പീസ് ചൊല്ലുകയായിരിക്കും ഫലം. ഞാന്‍ പേടിക്കുന്നു; അടിസ്ഥാനശിലയായി ഉന്മൂലന സിദ്ധാന്തം മുറുകെപ്പിടിക്കുന്ന കമ്യൂണിസം നമ്മുടെ കൊച്ചു മലയാളത്തിലും വന്നിരിക്കുന്നു എന്ന്!

Top