മേപ്പാടി ∙ വയനാട് മുണ്ടക്കൈ വനമേഖലയിൽ സായുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചു. ഡംഡം എസ്റ്റേറ്റിനോട് ചേർന്ന ജനവാസമേഖലയിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി പൊലീസിനു വിവരം ലഭിച്ചത്. നാലു പുരുഷൻമാരും ഒരു വനിതയും ഉൾപ്പെടുന്ന സംഘം വൈകിട്ട് രണ്ടു മുതൽ നാലുവരെ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിച്ച ഇവർ അരിയും സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്. സംഭവത്തെ തുടർന്ന് പൊലീസ് തിരച്ചിൽ ശക്തമാക്കി.
നിലമ്പൂർ ഏറ്റുമുട്ടലിനു ശേഷം സംഘടനാപ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥലം കേന്ദ്രീകരിച്ചു സിപിഐ മാവോയിസ്റ്റ് പുതിയ ദളം രൂപീകരിച്ചതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. വരാഹിണി ദളമെന്നാണു പുതിയ കൂട്ടായ്മയുടെ പേര്. ഇതോടെ മൂന്നു ദളങ്ങളുണ്ടായിരുന്ന സംഘടനയ്ക്കു കേരളത്തിൽ പ്രവർത്തനമേഖലയുള്ള നാലു ദളങ്ങളായി.
വയനാട് വന്യജീവി സങ്കേതം, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതം, കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതം എന്നിവ കേന്ദ്രീകരിച്ചാണു വരാഹിണി ദളത്തിന്റെ പ്രവർത്തനം. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനാണു പുതിയ ദളത്തിനു നേതൃത്വം നൽകുന്നതെന്നാണു വിവരം. മൂന്നു സംസ്ഥാനങ്ങളുമായി ചേർന്നു കിടക്കുന്നതിനാൽ പൊലീസ് നടപടിയോ തിരച്ചിലോ വരുമ്പോൾ പെട്ടെന്നു രക്ഷപ്പെടാമെന്നതാണു വരാഹിണി ദളത്തിന്റെ നേട്ടം.
നിലമ്പൂർ ഏറ്റുമുട്ടലിനു ശേഷം വയനാട്ടിലെ ഒന്നിലധികം കോളനികളിൽ മാവോയിസ്റ്റുകളെത്തിയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചു. എന്നാൽ തിരുനെല്ലിയിലെ വെള്ളറോടി കോളനിയിൽ നാലംഗ സംഘം സന്ദർശിച്ചതു മാത്രമാണു സ്ഥിരീകരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ മാസം 17ന് ആയിരുന്നു സന്ദർശനം. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.