ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ മുഖ്യശത്രു പിണറായി വിജയനാണെന്ന് മാവോയിസ്റ്റ് മുഖപത്രം ‘കമ്മ്യൂണിസ്റ്റ്’. കേരള – തമിഴ്‌നാട് – കര്‍ണാടക സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന ‘ട്രൈ ജംഗ്ക്ഷന്‍’ വനമേഖലയിലെ മുഖ്യ ശത്രുവായാണ് മുഖ്യമന്ത്രി പിണറായി വിജയനെ മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ കമ്മ്യൂണിസ്റ്റിലാണ് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും മാവോയിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്രത്തിലെ അതേ നിലപാടാണു കേരളത്തിലെ സിപിഎം സര്‍ക്കാരും പിന്തുടരുന്നത്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ച പൊലീസ്‌രാജിനെ സിപിഎം നേതൃത്വം നഗ്‌നമായി പിന്തുണച്ചു. ബിജെപിയും സിപിഎമ്മുമായുള്ള രാഷ്ട്രീയ ഭിന്നതകള്‍ കേവലം പാര്‍ലമെന്ററി ഗിമ്മിക്കുകള്‍ മാത്രമാണ്. യാഥാര്‍ഥ്യത്തില്‍ സിപിഎമ്മും ബിജെപിയും സാമ്രാജ്യത്വ ശക്തികളെ അനുകൂലിച്ചു ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയാണ്. നക്‌സല്‍ബാരിയില്‍ ’67ലുണ്ടായ വിപ്ലവത്തെ അടിച്ചമര്‍ത്താനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ചരിത്രമാണു സിപിഎമ്മിനുള്ളത്. എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
ഭരണവര്‍ഗം കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അവരെ ഉപയോഗിച്ചു വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്നതാണു സിപിഎം നയമെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതേസമയം, നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് വധിക്കപ്പെട്ടതിനു ശേഷം സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ സമിതി കര്‍ണാടക സ്വദേശിയായ ബി.ജി.കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചു സായുധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) കേരള പൊലീസിനു മുന്നറിയിപ്പു നല്‍കി.
നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടാനായി പൊലീസ് സ്റ്റേഷനുകള്‍, ഫോറസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങള്‍ക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മിയിലെ (പിഎല്‍ജിഎ) തൊണ്ണൂറോളം പ്രവര്‍ത്തകര്‍ വയനാട് വനമേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഐബിക്കു ലഭിച്ചിട്ടുള്ള വിവരം.
ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റു ക്യാംപില്‍ സായുധ പരിശീലനം ലഭിച്ചിട്ടുള്ളവരാണു സംഘത്തില്‍. എകെ 47 തോക്കുകള്‍, ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ എന്നിവയും സംഘത്തിന്റെ പക്കലുണ്ട്. തമിഴ്‌നാട് സ്വദേശികളായ മണിവാസവന്‍, കണ്ണന്‍, കാര്‍ത്തിക്, കര്‍ണാടക സ്വദേശി ജയണ്ണ, ആന്ധ്ര സ്വദേശി ദീപക്, മലയാളികളായ സി.പി.ഇസ്മായില്‍, സി.പി.മൊയ്തീന്‍, ലത, ജിഷ, സുന്ദരി തുടങ്ങിയവരാണു പിഎല്‍ജിഎ വിഭാഗങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും ഐബി അറിയിച്ചിട്ടുണ്ട്.
സംഘാംഗങ്ങള്‍ ഇടയ്ക്കു വനമേഖലയില്‍ നിന്നു പുറത്തിറങ്ങി നഗരപ്രദേശങ്ങളില്‍ ഒളിവില്‍ കഴിയാന്‍ എത്താറുണ്ടെന്നും അനുഭാവികളുമായി സജീവ ബന്ധം പുലര്‍ത്തുന്നുണ്ടെന്നുമാണ് ഐബിക്കു ലഭിക്കുന്ന വിവരം.
പശ്ചിമഘട്ട മേഖലയിലെ സായുധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സിപിഐ (മാവോയിസ്റ്റ്) മുഖപത്രം ‘കമ്യൂണിസ്റ്റ്’ ആദ്യലക്കത്തില്‍ അവകാശപ്പെടുന്നു. തമിഴ്‌നാട്ടിലെ ധര്‍മപുരി വനമേഖലയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഉതന്‍ഗരായിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് ശിവന്‍ കൊല്ലപ്പെടുകയും രണ്ടു ഡസനിലധികം പ്രവര്‍ത്തകര്‍ പിടിയിലാകുകയും ചെയ്തു.
തേനി – കൊടൈക്കനാല്‍ മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റു നേതാവ് നവീന്‍ പ്രസാദ് കൊല്ലപ്പെട്ടു. അതിനു ശേഷമാണ് കേരള – കര്‍ണാടക – തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന ട്രൈ ജംഗ്ക്ഷന്‍ വനമേഖല കേന്ദ്രമാക്കിയതെന്നും മുഖപത്രത്തില്‍ വെളിപ്പെടുത്തുന്നു.