ഫയലുകളില്‍ തീരുമാനം എടുക്കാന്‍ കാലതാമസം എടുത്താല്‍ കര്‍ശന നടപടി; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Pinarayi Vijayan

തിരുവനന്തപുരം: സര്‍ക്കാര്‍  ഉദ്യോഗസ്ഥരുടെ കള്ള വേലകളൊന്നും ഇനി നടക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. പ്രവൃത്തി സമയത്ത് ഫോണ്‍ പോലും അനാവശ്യമായി ഉപയോഗിക്കാന്‍ പാടില്ല.

ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതിനിടക്ക് സാഹിത്യ വാസന ഉണര്‍ത്താന്‍ നില്‍ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ ഫയലുകളില്‍ തീരുമാനം എടുക്കണമെന്നും നെഗറ്റീവ് ഫയല്‍ നോട്ട സംവിധാനമാണ് ഇപ്പോള്‍ കേരളത്തില്‍ ഉളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യം എങ്ങനെ തളളികളയാം എന്നതാണ് ഈ രീതിയെന്നും ഇത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിവ് ഫയല്‍ നോട്ട സംവിധാനം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ പല തരക്കാരുണ്ട്. കുറേ കാലം ഉദ്യോഗത്തില്‍ തുടരുമ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ശരിയായ തീവ്രതയോടെ മനസിലാക്കാന്‍ കഴിയാത്തവരുണ്ട്. നിങ്ങളുടെ മുന്നില്‍ എത്തുന്ന ഫയലില്‍ ജീവിതമാണ് ഉള്ളതെന്നത് മനസിലാക്കണം. കുടുംബത്തിന്റെയും വ്യക്തിയുടെയും നാടിന്റെയും ജീവിതമാണ് ഫയലുകളില്‍ ഉള്ളത്. മിക്കവാറും ഫയലുകളില്‍ നിങ്ങള്‍ ഒരു കുറിപ്പെഴുതുന്നുണ്ട്. ആ കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ തുടര്‍ന്നു ജീവിക്കണോ എന്നു പോലും തീരുമാനിക്കപ്പെടുന്നത്. അത്രയും പ്രധാന പ്രശ്നങ്ങളിലെ അഭിപ്രായങ്ങളാണ് നിങ്ങളുടെ പേന കൊണ്ട് കുറിച്ചിടുന്നത്. പ്രതീക്ഷയ്ക്കു വിരുദ്ധമായി പ്രതികൂല പരാമര്‍ശം വന്നാല്‍ ജീവിതം തന്നെ തകര്‍ന്നു എന്നു കരുതുന്നവരുണ്ട്. ആ തകര്‍ച്ചയുടെ ഫലമായി ഹിമാചലില്‍ ഒരു വൃദ്ധ ആത്മഹത്യ ചെയ്തിട്ടുണ്ട്. അത്രകണ്ട് പ്രാധാന്യമുണ്ട് നിങ്ങളുടെ കുറിപ്പുകള്‍ക്ക്.
എല്ലാ ഫയലുകളിലും അനുകൂലമായി എഴുതണമെന്നല്ല. ഓരോ ഫയലിനെയും സമീപിക്കുന്നത് ആ ഫയലില്‍ ജീവിതം ഉണ്ടെന്ന കരുതല്‍ നമുക്ക് ഉണ്ടാവേണ്ടതുണ്ട്. ഇപ്പോഴും നമ്മുടെ നാട്ടില്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ഫയല്‍ നോട്ടരീതിയാണ് തുടരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെയൊക്കെ അനുവദിക്കാതിരിക്കാം എന്നതാണ് പഴയ കൊളോണിയല്‍ സമ്പ്രദായത്തിലെ ഫയല്‍നോട്ട രീതി. വലിയ മാറ്റമൊന്നും ഇതില്‍ വന്നിട്ടില്ല. നെഗറ്റീവ് ഫയല്‍ നോട്ട സമ്പ്രദായം മാറ്റി പോസിറ്റീവ് ഫയല്‍നോട്ട രീതിയിലേക്കു മാറണം. എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്നതായിരിക്കണം സ്വാഭാവികമായി ഫയല്‍ നോക്കുമ്പോഴുള്ള അടിസഥാന സമീപനം.PINARAYI
ജീവനക്കാരില്‍ ഒട്ടുമിക്ക ആളുകളും സര്‍വീസ് സംഘടനയില്‍ ഉള്‍ക്കൊള്ളുന്നവരാണ്. എല്ലാ സംഘടനകളും സമൂഹത്തോടു പ്രതിബദ്ധത വച്ചു പുലര്‍ത്തുന്നുണ്ട്. ഏതു സംഘടനയ്ക്കും സാമൂഹിക പ്രതിബദ്ധത കാട്ടണം. അത് തങ്ങളുടെ ജോലിയിലും ജീവനക്കാര്‍ കാട്ടണം. സര്‍ക്കാര്‍ സര്‍വീസില്‍ എല്ലാ കാലവും തുടരാന്‍ പറ്റില്ല. വിരമിച്ചു കഴിഞ്ഞാല്‍ നമ്മുടെ പ്രശ്നങ്ങള്‍ക്കും സര്‍ക്കാരിനെ സമീപിക്കണം. സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായുള്ള ജീവിതത്തില്‍ നല്ല മാതൃകകള്‍ സൃഷ്ടിച്ചാല്‍ മാത്രമേ ഭാവിയില്‍ തനിക്കും ആ മാതൃക കിട്ടുകയുള്ളൂ.

സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടി എന്നതല്ല, ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു വേണ്ടി എന്നതാണ് ശരി. സര്‍ക്കാര്‍ എന്നത് ജീവനക്കാര്‍ക്കു വേണ്ടിയുള്ള സംവിധാനമല്ല. നാം സ്വീകരിക്കേണ്ട നിലപാട് സാധാരണക്കാര്‍ നമ്മെ പല പ്രശ്നങ്ങളുമായി സമീപിക്കുന്നുണ്ട്. അവരുടെ ജീവല്‍പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. അവര്‍ നമ്മില്‍ നിന്ന് സേവനമാണ് പ്രതീക്ഷിക്കുന്നത്. അവരുണ്ടെങ്കിലേ തങ്ങള്‍ ഉള്ളൂ എന്ന ചിന്ത സ്വാഭാവികമായും ജീവനക്കാര്‍ക്കുണ്ടാവണം.

സെക്രട്ടേറിയറ്റിന്റെ പരമ പ്രാധാന്യം ജീവനക്കാരില്‍ തന്നെയാണ് കുടികൊള്ളുന്നത്. ഏതെങ്കിലും ഒരു ഭാഗത്ത് തളര്‍ച്ചയുണ്ടായാല്‍ ഈ സംവിധാനത്തിനാകെ തന്നെ തളര്‍ച്ച വരും. എല്ലാം സജീവമായി നിലനില്‍ക്കുക എന്നതാണ് പ്രധാനം. ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് അര്‍പ്പണ ബോധത്തോടെയാവണം. സര്‍ക്കാരിനെ സേവിക്കൂ എന്നത് സമൂഹത്തെ സേവിക്കുക എന്ന അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതിയില്‍ നിന്ന് പൂര്‍ണമായും മുക്തമാവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സാധാരണ ഗതിയില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ കുറിച്ച് അഴിമതിയുമായി ബന്ധപ്പെട്ട ആക്ഷേപം വന്‍ തോതില്‍ ഉയര്‍ന്നു കേള്‍ക്കാറില്ല. അഴിമതിയും കൈക്കൂലിയും അടക്കമുള്ള ദുഷിപ്പുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയേണ്ടതുണ്ട്. അത് നല്ല നിലയ്ക്കു തന്നെ തുടരണം.

എന്നാല്‍ ചില ആളുകള്‍ സ്ഥിരമായി സെക്രട്ടേറിയറ്റില്‍ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അറിയാം അവരെ. പ്രത്യേകമായി ശ്രദ്ധിക്കണം. ഒരു സഞ്ചിയും തൂക്കി ഓഫിസിന്റെ ഇടനാഴികളില്‍ കറങ്ങുക എന്നത് നല്ല ശീലമല്ല. നിങ്ങളെ ഉപയോഗിച്ച് അഴിമതി നടത്തനാണ് അവരുടെ ശ്രമമെങ്കില്‍ തടയണം. ഇത്തരത്തിലുള്ള ആളുകള്‍ അതിന്റെ ഭാഗമായിട്ടാണോ വരുന്നത് എന്നത് പരിശോധിക്കേണ്ട ബാധ്യതയും നിങ്ങള്‍ക്കുണ്ട്. ചെയ്തു തീര്‍ക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ട്. എത്ര ചെയ്താലും പിന്നെയും ബാക്കി നില്‍ക്കും. സര്‍വീസ് എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെ കുറിച്ച് എപ്പോഴും നാം ചിന്തിക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ നമ്മുടെ മുന്നില്‍ വരുന്ന ഫയലുകളില്‍ തീരുമാനമെടുക്കണം. ഓരോരുത്തരും ഇതിനായി പ്രവര്‍ത്തിക്കണം. സെക്രട്ടേറിയറ്റ് മാന്വലില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. കംപ്യൂട്ടര്‍വല്‍ക്കരണം കാലതാമസം ഒഴിവാക്കാന്‍ സഹായിക്കുന്നുണ്ട്. കംപ്യൂട്ടര്‍വല്‍ക്കരണം നടക്കാത്ത ഡിപാര്‍ട്മെന്റുകള്‍ പെട്ടെന്നു തന്നെ അതിലേക്കു കടക്കണം.Pinarayi nithin j photo
ഭരണപരിഷ്കാര കമ്മിറ്റികളിലെ നിര്‍ദേശങ്ങളില്‍ സ്വീകാര്യമായതു നടപ്പാക്കും. ഒരു സെക്ഷന്‍ പൂര്‍ണമായും ഒന്നിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാവണം. മേലുദ്യോഗസ്ഥര്‍ ആകെ ഒന്നിച്ചുണ്ടായാല്‍ കാലതാമസം ഒഴിവാക്കാം. അറ്റന്‍ഡര്‍ അവധിയിലായതിനാല്‍ ഫയല്‍ നീക്കം താമസിക്കുന്ന സംവിധാനം ഒഴിവാക്കണം. എല്ലാ ഓഫിസുകളിലും ഈ രീതിയിലേക്കു മാറണം. ഒരു സെക്രട്ടറി പല മന്ത്രിമാരുടെ വകുപ്പുകള്‍ നോക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടില്‍ കൂടുതല്‍ മന്ത്രിമാരുടെ കൂടെ ഒരു സെക്രട്ടറി ഉണ്ടാവില്ല. ചില മന്ത്രിമാര്‍ക്ക് സെക്രട്ടറിയെ കാണാന്‍ തന്നെ കിട്ടാത്ത അവസ്ഥയാണ് മാറുന്നത്. ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കുന്നുണ്ട്.
കൃത്യത ഉറപ്പാക്കാനാണ് പഞ്ചിങ് സമ്പ്രദായം നടപ്പാക്കിയത്. രാവിലെ പഞ്ച് ചെയ്ത് അകത്തേക്കു കടന്നതിനു ശേഷം നേരെ പുറത്തേക്കു കടന്നാല്‍ എന്താണ് പ്രയോജനം? സെക്രട്ടേറിയറ്റിന് ഒരു ദുഷ്പേരുണ്ട്. രാവിലെ വന്നു കഴിഞ്ഞാല്‍ കസേരിയില്‍ ഉണ്ടാവുന്ന ജീവനക്കാരുടെ എണ്ണം വളരെ ചുരുക്കമാണ്. ആ പ്രതീതിക്കു മാറ്റമുണ്ടാവണം. ഓഫിസ് സമയത്ത് അവരവരുടെ ചുമതല അവിടെ ഇരുന്ന് നിര്‍വഹിക്കണം. ചില മേഖലകളില്‍ പ്രവൃത്തി സമയത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നില്ല. സെക്രട്ടേറിയറ്റില്‍ അത്തരം തടസങ്ങള്‍ ഇപ്പോഴില്ല. പക്ഷെ, നമ്മള്‍ തന്നെ അത് സ്വയം നിയന്ത്രിക്കണം. എല്ലാ വിശേഷങ്ങളും പറയാനുള്ള ഒന്നായി ഫോണ്‍ ഉപയോഗിക്കുന്നവരുണ്ട്. നമ്മുടെ സമയത്തില്‍ വലിയ കുറവാണ് ഇതുമൂലം സംഭവിക്കുന്നത്. അത്യാവശ്യം കാര്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുക. ഓഫിസ് സമയത്ത് മറ്റു കാര്യങ്ങള്‍ക്ക് സമയം ചെലവിടേണ്ട. ചിലര്‍ നല്ല കല, സാഹിത്യ വാസനകള്‍ ഉള്ളവരാണ്. ഓഫിസ് സമയത്ത് സാഹിത്യ വാസന പരിപോഷിപ്പിക്കാന്‍ നോക്കണ്ട. അതിനു വേറെ സമയം കണ്ടെത്തണം.

രാവിലെ വന്നു, ചായ കുടിക്കാന്‍ പോയി, ഊണു കഴിക്കാന്‍ പോയി, അതു കഴിഞ്ഞാല്‍ ട്രെയിനിന്റെ സമയത്തിനു നേരത്തേ പോയി… ഇങ്ങനെ ആക്ഷേപം സെക്രട്ടേറിയറ്റ് ജീവനക്കാരെ പറ്റിയുണ്ട്. സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കും എന്നു ചിന്തിക്കുന്നവരുണ്ട്. സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാവും. ഓരോരുത്തരുടെയും പ്രവൃത്തിയില്‍ ഏതെങ്കിലും പ്രയാസങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല. മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്ഥലം മാറ്റൂ. സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നു പരിശോധിക്കുക തന്നെ ചെയ്യും.
സ്റ്റേറ്റ് സിവില്‍ സര്‍വീസ് ആവശ്യമോ എന്നതു പരിശോധിക്കും. സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തും. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിലെ ഡയറക്ടറേറ്റ് രീതിയിലേക്കു മാറുന്നത് പരിശോധിച്ച് വികേന്ദ്രീകൃത സംവിധാനം ആവശ്യമെങ്കില്‍ അത് ഉറപ്പാക്കും. അതിന്റെ ഭാഗമായി ജീവനക്കാരുടെ പ്രശ്നം പരിഹരിക്കും. ഒരു കാര്യത്തിലും വല്ലാത്ത ധൃതി കാട്ടില്ല. സര്‍വീസ് സംഘടനകളെ വിശ്വാസത്തിലെടുത്തേ തുടര്‍ നടപടി സ്വീകരിക്കൂ. ഭരണ നിര്‍വഹണ മാന്വലുകള്‍ പരിഷ്കരിക്കുന്ന നടപടികള്‍ സ്വീകരിക്കും. അഴിമതി മുക്തവും സുതാര്യവുമായ സിവില്‍ സര്‍വീസാണ് ആവശ്യം. നാടിനാകെ ഉപകാരപ്രദമായ രീതിയില്‍ നടപ്പാക്കും. </പ്>
<പ്>സെക്രട്ടേറിയറ്റിനകത്തേക്ക് ആര്‍ക്കും കടന്നു വരാനുള്ള അവകാശം ഇവിടെയുണ്ട്. കേരളം രൂപം കൊണ്ട ശേഷം നമ്മുടെ സംസ്ഥാനത്തെ രീതിയാണിത്. ആ ജനകീയ മുഖം നിലനിര്‍ത്താന്‍ കഴിയണം. അഴിമതിയുടെ നേരെ ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല. അത്തരക്കാര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാവില്ല. അനാവശ്യമായി ഫയലുകള്‍ താമസിപ്പിച്ചാല്‍ അതിന് മറുപടി പറയേണ്ടതായി വരും. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറരുത്. തീരുമാനമെടുക്കേണ്ട കാര്യത്തില്‍ തീരുമാനം എടുക്കുക തന്നെ വേണം. ഫയല്‍ മുകളിലോട്ടു തട്ടി വിടുന്ന സമ്പ്രദായവും ആശാസ്യമല്ല.
സംവിധാനത്തെ ആകെ ബാധിച്ചിട്ടുള്ള അലസതയും ദുര്‍മേധസും ഉണ്ട്. സെക്രട്ടേറിയറ്റ് മാന്വല്‍ ഉണ്ട്, ബിസിനസ് റൂള്‍സ് ഉണ്ട്. ഇവയില്‍ അനുശാസിക്കുന്ന നടപടിക്രമങ്ങളും നിബന്ധനകളും യഥാര്‍ഥ രൂപത്തില്‍ നടപ്പിലാവുന്നില്ല. അതുകൊണ്ടാണ് ഭരണം മന്ദഗതിയിലാവുന്നത്. ഭരണം കൂടുതല്‍ സജീവമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടാവും. ഓരോ തലത്തിലെയും പ്രശ്നങ്ങള്‍ പരിഹിരക്കാന്‍ സ്റ്റാഫ് മീറ്റിങുകള്‍ വിളിച്ചു കൂട്ടണം. കുടിശിക ജോലികള്‍ തീര്‍ക്കാന്‍ വകുപ്പു സെക്രട്ടറിമാര്‍ ശ്രമിക്കും. അതുമായി സഹകരിക്കണം. ഓരോ വകുപ്പിനും സമയബന്ധിതമായി കാര്യങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സഹായം സര്‍ക്കാര്‍ നല്‍കും.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായം വലിയതോതില്‍ ഉപയോഗപ്പെടുത്തണം. ഇ–ഗവേര്‍ണന്‍സും ഇ–ഫയലിങും കുറ്റമറ്റതാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. കാലഹരണപ്പെട്ട ചട്ടങ്ങള്‍ കാലോചിതമായി പരിഹരിക്കും. ലഘുവായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫിസുകള്‍ ആദ്യപടി എന്ന നിലയ്ക്ക് കടലാസുകള്‍ ഒഴിവാക്കി, ഇ–ഫയലിങ് സ്വീകരിക്കും. ബൃഹത്തായ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റിലും ഇ–ഫയലിങ് സാധ്യമല്ലാത്ത കാര്യമല്ല. ജീവനക്കാരോട് ഒരു തരത്തിലുള്ള പ്രതികാര നടപടിയും രാഷ്ട്രീയവും സര്‍ക്കാര്‍ സ്വീകരിക്കില്ല. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഡിസ്മിസ് ചെയ്ത സമീപനമൊന്നും സര്‍ക്കാര്‍ കൈക്കൊള്ളില്ല. എന്നാല്‍ ഫയല്‍ താമസിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്നവരെ സര്‍ക്കാര്‍ സഹിക്കുന്നതായിരിക്കില്ല.

സെക്രട്ടേറിയറ്റിലെ സന്ദര്‍ശന സമയത്ത് ഔദ്യോഗിക ചര്‍ച്ചകളും യോഗങ്ങളും ഒഴിവാക്കി, ജനങ്ങള്‍ക്കുള്ള അവസരം നല്‍കണം. അഴിമതി രഹിതവും സുതാര്യവുമായ നവകേരളത്തിന്റെ സൃഷ്ടിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കലവറയില്ലാത്ത പിന്തുണയാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇ–ഗവേര്‍ണന്‍സ് സംവിധാനം നടപ്പാക്കും. അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പല ഓഫിസുകളും ഇ–ഓഫിസ് സംവിധാനത്തിലേക്കു മാറണം. അതോടെ ഓരോ അപേക്ഷയുടെയും അപ്പോഴുള്ള സ്ഥിതി അപേക്ഷകന്റെ ഫോണില്‍ മനസിലാക്കാന്‍ കഴിയും. അപ്പോള്‍ മാത്രമേ സുതാര്യ കേരളം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ സാധിക്കൂ. സമയപരിധിക്കുള്ളില്‍ സേവനം കൊടുക്കാന്‍ ഐടി സംവിധാനം ഉപയോഗപ്പെടുത്തി, ഭരണം കാര്യക്ഷമമാക്കണം.

Top