
ചങ്ങനാശേരി: അയ്യപ്പ ഭക്തർക്ക് കട്ട സപ്പോർട്ടുമായി കത്തോലിക്കാ സഭ മെത്രാൻ രംഗത്ത് .ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ എൻ എസ് എസ് ആസ്ഥാനത്ത് എത്തി നായർ സമുദായത്തിനും പിന്തുണ അറിയിച്ചു .വിശ്വാസി സമരത്തിന്റെ തുടക്കം മുതൽ ആചാര സംരക്ഷണത്തിനായുള്ള സമരങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് ക്രിസ്ത്യൻ സമുദായം നൽകിയത് .എൻ എസ് എസിനു പിന്തുണയുമായി ങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എൻ എസ് എസ് ആസ്ഥാനത്ത് എത്തുകയും ചെയ്തു .
മത സൗഹാർദവും, സാമുദായിക മൈത്രിയും കേരള സമൂഹത്തിന്‍റെ മുഖമുദ്രയാണെന്നും ദൈവവിശ്വാസവും ആചാരങ്ങളും അവമതിക്കപ്പെടുന്പോൾ എല്ലാ സമുദായങ്ങളും ഒന്നിച്ചുനിൽക്കണമെന്നും, സമീപകാല സംഭവ വികാസങ്ങൾ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. ശബരിമലയെ സംബന്ധിച്ച സമീപകാല സുപ്രീംകോടതി വിധിയെ തുടർന്നുള്ള കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഹൈന്ദവ സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി മാർ തോമസ് തറയിലിന്‍റെ നേത്യത്വത്തിൽ ചങ്ങനാശേരി അതിരൂപതയുടെ പ്രതിനിധികൾ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.
പൊതുസമൂഹത്തിന്‍റെ നന്മയ്ക്കും വളർച്ചയ്ക്കുമായി ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങൾ ചെയ്ത സേവനങ്ങളും നേത്യത്വവും നിസ്തുലമാണെന്നും, ഈ വിഭാഗങ്ങളെ മാറ്റി നിർത്തി കേരള ചരിത്രത്തെയും നവോത്ഥാനത്തെയും വിലയിരുത്തുന്നത് വളരെ വികലമായിരിക്കുമെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.ആലിംഗനം ചെയ്തും, നന്ദി പറഞ്ഞും സുകുമാരൻ നായർ പിന്തുണയ്ക്ക് നന്ദി അറിയിച്ചപ്പോൾ മെത്രാന്റെ കണ്ണ് നറഞ്ഞു. ഹൈന്ദവ സമുദായം ഒരുമിച്ചു നിൽക്കേണ്ട സമയമാണെന്നും മെത്രാൻ പറഞ്ഞു. കേരളത്തിലെ വിമോചന സമര ചരിത്രം മുതൽ എൻ എസ് എസ് ക്രിസ്ത്യൻ ബന്ധം സജീവമായിരുന്നു.
സർക്കാരിന്റെ വനിത മതിലിനെ കെ സി ബി സി നിശിത മായി വിമർശിച്ചിരുന്നു. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടത്. സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നത് ശരിയല്ലെന്നും കെ.സി.ബി.സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു . രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയനീക്കം ഒഴിവാക്കണം. വനിത മതിലിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.സി.ബി.സി ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമലയിലെ വിശ്വാസ സമരങ്ങളെ സമവായ നയത്തോടെ സർക്കാർ സമീപിക്കണമെന്നും കെ സി ബി സി പറഞ്ഞിരുന്നു.എൻഎസ്എസ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് ഹരികുമാർ കോയിക്കൽ, വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, പിആർഒ ജോജി ചിറയിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ആന്‍റണി മാത്യൂസ്, ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. പി. സി. അനിയൻ കുഞ്ഞ് എന്നിവരും പങ്കെടുത്തു.