ലോകത്തിലെ ഫുട്ബാള്‍ പ്രേമികളെ ദുഃഖത്തിലാഴ്ത്തി ഫുട്ബാള്‍ ഇതിഹാസം മറഡോണ വിടവാങ്ങിയിരിക്കുന്നു. ഫുട്ബാള്‍ പ്രേമികളൊന്നാകെ ഏറ്റുവാങ്ങിയ അപ്രതീക്ഷിത വാര്‍ത്തയായിരുന്നു അത്. ഒരേസമയം പ്രതിഭയായും ഉന്മാദിയായും ജീവിച്ചു തീര്‍ത്ത ഇതിഹാസ സമാനമായ ജീവിതം. വൈരുദ്ധ്യാത്മകതയായിരുന്നു മറഡോണയുടെ ജീവിതം മുഴുവന്‍. മരണം വരെ അത് തുടര്‍ന്നു.
സോഷ്യലിസ്റ്റ് ആശയങ്ങളെ പിന്തുടരുകയും അമേരിക്കയ്‌ക്കെതിരെ നിരന്തരം ആഞ്ഞടിക്കുകയും ചെയ്ത പോരാളിയുടെ വേഷവും മറഡോണ അണിഞ്ഞിരുന്നു. അമേരിക്കയുടെ അപ്രീതിക്ക് ഇരയായ ഫിഡല്‍ കാസ്‌ട്രോയെ ആരാധ്യപുരുഷനായി കണ്ടതും മറഡോണയുടെ സോഷ്യലിസ്റ്റ് ചായ്വാണ്.
തന്റെ ഇടം കാലില്‍ കാസ്‌ട്രോയെയും വലം കയ്യില്‍ ചെഗുവേരയെയും പച്ചകുത്തിയാണ് മറഡോണ നടന്നത്. അര്‍ജന്റീന മെക്സിക്കോയില്‍ ജര്‍മനിയെ മുട്ടുകുത്തിച്ച് ലോകകപ്പില്‍ മുത്തമിട്ട 1986ലാണ് ഡീഗോ ആദ്യമായി കാസ്ട്രോയെ കണ്ടുമുട്ടുന്നത്. ക്യൂബന്‍ കാടുകളില്‍ ചെഗുവേരയ്ക്കൊപ്പം നടത്തിയ കാസ്ട്രോയുടെ ഐതിഹാസികമായ പോരാട്ടങ്ങളുടെ കഥകളാണ് ഡീഗോയെ കാസ്‌ട്രോയിലേക്കടുപ്പിച്ചത്.
എന്നാല്‍ ഫിഡലുമായുളള ഡീഗോയുടെ ഹൃദയബന്ധം വര്‍ദ്ധിച്ചത് കളിക്കാലത്തല്ല. മയക്കുമരുന്ന് ഉപയോഗത്തിന് 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ പിടിക്കപ്പെട്ട് തലകുമ്പിട്ട് കളക്കളം വിടേണ്ടിവന്ന ഡീഗോയ്ക്ക് രക്ഷകനായത് കാസ്‌ട്രോ ആയിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് രക്ഷ നേടാനായി ഓടിനടന്ന ഡീഗോയ്ക്ക് ക്യൂബയിലെ ഏറ്റവും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ തന്നെ വിട്ടുകൊടുത്തു. നാലു വര്‍ഷമാണ് ഡീഗോ ഇവിടെ ചികിത്സ തേടിയത്. ആശുപത്രിവാസത്തിനിടെ എന്നും ഫിഡല്‍ ശിഷ്യനെ വിളിക്കും. ഫോണെടുക്കും. മണിക്കൂറുകളോളം പിന്നെ ചര്‍ച്ചയാണ്.
നാലു വര്‍ഷത്തിനുശേഷം ഹവാനയില്‍ നിന്ന് ഡീഗോ പുതിയ ജീവിതത്തിലേക്കാണ് മടങ്ങിയത്. അതില്‍ കാസ്‌ട്രോയ്ക്കുള്ള പങ്ക് ഡീഗോ എന്നും എടുത്തുപറഞ്ഞിരുന്നു. കഴുത്തില്‍ കുരിശണിഞ്ഞ് മാര്‍പാപ്പയുടെ അടുത്ത ആളായും മറഡോണ മാറി. ജനകീയനായ മാര്‍പാപ്പ ജോണ്‍ പോളിനെ നിശിതമായി വിര്‍ശിക്കാനും മറഡോണയ്ക്ക് കഴിഞ്ഞിരുന്നു.
ഫലസ്തീനു വേണ്ടി തന്റെ ശബ്ദമുയര്‍ത്താനും മറഡോണ മടിച്ചിട്ടില്ല. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ നിശിതമായി വിര്‍ശിക്കാനും താന്‍ ഹൃദയം കൊണ്ട് ഒരു ഫലസ്തീനിയാണെന്ന് പ്രഖ്യാപിക്കാന്‍വരെ അദ്ദേഹം തയ്യാറായി. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും കടന്നുവന്ന് പോരാടുന്ന ജനതയോടൊപ്പം ചേര്‍ന്ന് നിന്ന് ഇതിഹാസ തുല്യമായ ഒരു ജീവിതം നയിച്ചാണ് മറഡോണ മടങ്ങുന്നത്.