ആരാധകരുടെ കാത്തിരിപ്പിനു വിരാമം. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ തിയറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടി. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്. തിയറ്റർ റിലീസ് പ്രഖ്യാപിച്ചതു മുതൽ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.
ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലായാണ് മരക്കാർ പ്രദർശനത്തിന് എത്തുക. അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രം ദിവസേന 16,000 ഷോകളുണ്ട്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. തിയറ്ററിന് പിന്നാലെ ഓടിടിയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.
മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.
പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തിയറ്റർ റിലീസിന് പിന്നാലെ ചിത്രം ഓടിടിയിലും പ്രദർശനത്തിനെത്തും.