ന്യൂയോര്‍ക്ക്: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ മുഖം മിനുക്കി മാര്‍ക്ക് സൂക്കര്‍ബെര്‍ഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് സൂക്കര്‍ബെര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത്.ഇന്ത്യയുടെ ദേശീയ പതാകയെ സൂചിപ്പിക്കുന്ന ത്രിവര്‍ണത്തിനുളളില്‍ ഡിജിറ്റല്‍ ഇന്ത്യയെ സൂചിപ്പിക്കുന്ന രേഖാചിത്രത്തോടെയാണ് പ്രൊഫൈല്‍. ഫേസ്ബുക്ക് അക്കൗണ്ടുളള എല്ലാവര്‍ക്കും ഇതേ രീതിയില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാം.
ഗ്രാമീണ മേഖലയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനും കൂടുതല്‍ ജനങ്ങളിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനുമുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനാണ് പ്രൊഫൈല്‍ പിക്ചറിലെ മാറ്റമെന്ന് സൂക്കര്‍ബെര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുന്‍പാണ് സൂക്കര്‍ബെര്‍ഗ് പ്രൊഫൈല്‍ പിക്ചറില്‍ മാറ്റം വരുത്തിയത്. ഇതേ സമയം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമണിയിച്ചിരുന്നു. സൂക്കര്‍ബെര്‍ഗിന് അ്‌ദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഫേസ്ബുക്കിലെ പ്രൊഫൈല്‍ മാറ്റം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ആഗോള ശ്രദ്ധ ലഭിക്കാന്‍ സഹായിക്കും. മുഖം മിനുക്കിയ കാര്യം വ്യക്തമാക്കുന്ന സൂക്കര്‍ബെര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു മണിക്കൂറിനുളളില്‍ കാല്‍ ലക്ഷത്തിലധികം പേരാണ് ഷെയര്‍ ചെയ്തത്.
അമേരിക്കന്‍ സന്ദര-ശനം തുടരുന്ന മോദി നരേന്ദ്ര മോദി ഫേസ്ബുക് ആസ്ഥാനം സന്ദര്‍ശിച്ചു. ഇന്ത്യന്‍സമയം രാത്രി 10നാണ് മോദി കാലിഫോര്‍ണിയയിലെ മെണ്‍ലേ പാര്‍ക്കിലുള്ള ഫേസ്ബുക് ആസ്ഥാനത്തത്തെിയത്. ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍െറ നേതൃത്വത്തില്‍ മോദിക്ക് ഗംഭീരസ്വീകരണമൊരുക്കി. തുടര്‍ന്ന് അരമണിക്കൂറോളം ജീവനക്കാരുമായി സംവദിച്ച മോദി ഹിന്ദിയിലാണ് സദസ്സിനെ അഭിസംബോധന ചെയ്തത്.
രാജ്യത്തിന്‍െറ സാമ്പത്തിക പ്രതീക്ഷകളെ കുറിച്ച് സംസാരിച്ചുതുടങ്ങിയ മോദി ഇന്ത്യയെ 20 ലക്ഷം കോടിയുടെ സമ്പദ്ഘടനയാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഇന്ത്യയുടെ മുഖച്ഛായ മാറി. വിനോദസഞ്ചാരമേഖല ഇതിന് ഉദാഹരണമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഗ്രാമങ്ങളെ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കുകയാണ് മുഖ്യലക്ഷ്യം. ജനാധിപത്യത്തിന്‍െറ ശക്തിയാണ് നവമാധ്യമങ്ങള്‍. തന്‍െറ അറിവ് വളരെ ചെറുതാണ്. സമൂഹമാധ്യമങ്ങളാണ് കൂടുതല്‍ അറിവ് നല്‍കുന്നത്. സാമൂഹികമാധ്യമങ്ങളെ ഭയന്ന് സര്‍ക്കാറുകള്‍ തെറ്റില്‍നിന്ന് ഒഴിവാകുന്നു. ഓണ്‍ലൈന്‍ രംഗത്ത് ലോകത്തെ നയിക്കാന്‍ ഇന്ത്യക്ക് കഴിയും. മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് മൂന്നു ‘ഡി’കളാണ് (ഡെമോക്രസി, ഡെമോഗ്രസി, ഡിമാന്‍ഡ്). ഇന്ത്യയിലെ ജനങ്ങള്‍ക്ക് പണം എവിടെയാണ് നിക്ഷേപിക്കേണ്ടതെന്ന് കൃത്യമായി അറിയില്ല. താന്‍ അവര്‍ക്ക് അതിനുള്ള സ്ഥലം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.
മോദിയുടെ വിജയത്തില്‍ അമ്മയുടെ പങ്കിനെക്കുറിച്ച് സുക്കര്‍ബര്‍ഗ് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി വികാരാധീനനായി. ലോകത്ത് അവരെ പോലെ ലക്ഷക്കണക്കിന് അമ്മമാരുണ്ട്. താന്‍ ചെറുപ്പമായിരുന്നപ്പോള്‍ പാത്രം കഴുകിയും ജോലി ചെയ്തുമാണ് അമ്മ ജീവിച്ചിരുന്നത്. അച്ഛന്‍ ജീവിച്ചിരിപ്പില്ല. അമ്മക്ക് വയസ്സ് 90 കഴിഞ്ഞു. സുക്കര്‍ബര്‍ഗിനെപോലൊരു മകനെ ലോകത്തിന് സമ്മാനിച്ചതിന് അദ്ദേഹത്തിന്‍െറ മാതാപിതാക്കളെ മോദി അനുമോദിച്ചു.