പ്രമുഖ പാര്‍ക്കില്‍ പ്രവേശിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്…

കോയമ്പത്തൂര്‍ : തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകാലശാലയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം പോര. വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാലേ ആണിനും പെണ്ണിനും ഒരുമിച്ച് ഇവിടെ പ്രവേശനം അനുവദിക്കൂ. മരുധമലൈ റോഡിലാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ എം കണ്ണന്റെ പേരിലാണ് ഇത്തരമൊരു ഉത്തരവ്‌ പുറത്തിറങ്ങിയിരിക്കുന്നത്. ആണും പെണ്ണും ഒരുമിച്ചെത്തി ഇടപഴകി സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ക്ക് വേദിയാക്കുന്നുവെന്ന് വിശദീകരിച്ചാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരുക്കുന്നത്. ആണും പെണ്ണും ഒളിച്ചിരിക്കാനുള്ള ഇടമായി പാര്‍ക്കിനെ ഉപയോഗപ്പെടുത്തുന്നു. മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമാണ് പലരില്‍ നിന്നും ഉണ്ടാകുന്നതെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. പാര്‍ക്കിലെ പ്രവേശനം വിവാഹതര്‍ക്ക് മാത്രമാക്കിയതോടെ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് പൂര്‍ണ നിരോധനമുണ്ടായിരിക്കുകയാണ്. ഇതാദ്യമായല്ല ഇത്തരം നടപടികള്‍ സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.  കവാടത്തില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ പേരും വിലാസവും ഫോണ്‍ നമ്പറുമെല്ലാം രേഖപ്പെടുത്തിയാല്‍ മാത്രമായിരുന്നു പ്രവേശനം. കൂടാതെ സന്ദര്‍ശകര്‍ മാന്യത പാലിക്കണമെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പലയിടങ്ങളിലും സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്രമായ ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ക്ക് അന്യമാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവിവാഹിതരായ ഒരാണും പെണ്ണും പാര്‍ക്കിലെത്തിയുണ്ടായ ചില സംഭവ വികാസങ്ങള്‍ പൊലീസ് കേസിന് ഇടയായെന്നും അതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നുമാണ് അധികൃതരുടെ ന്യായീകരണം.

Top