കോട്ടയം: വധു എത്താത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ സംഭവത്തില്‍ ഇരുവിഭാഗത്തെയും ഇന്നു പോലീസ് ചര്‍ച്ചയ്ക്കു വിളിപ്പിച്ചു. കുമരകം പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വരന്റെ വീട്ടുകാര്‍ക്കുണ്ടായ നഷ്ടം നല്കി പ്രശ്‌നം അവസാനിപ്പിച്ചേക്കും. വധുവിന്റെ ബന്ധു മുഖേനയാണ് പോലീസ് ഇവരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 11നു തിരുവാര്‍പ്പ് മര്‍ത്തശ്മൂനി യാക്കോബായ പള്ളിയില്‍ നടത്താനിരുന്ന തിരുവാര്‍പ്പ് കളരിപ്പറമ്പില്‍ ജോമോന്റെ (25) വിവാഹമാണ് വധുവും കൂട്ടരും എത്താത്തതിനെ തുടര്‍ന്ന് അലങ്കോലപ്പെട്ടത്.
സമീപവാസിയായ 21കാരിയായ വധു എത്താതിരുന്നതാണു പ്രശ്‌നമായത്. രാവിലെ 11ന് വിവാഹസമയം കഴിഞ്ഞിട്ടും വധുവിനെയും കൂട്ടരെയും കാണാതായത് ബഹളത്തിന് ഇടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടുപൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വരന്റെ ബന്ധുക്കള്‍ പറഞ്ഞു. കുമരകം എസ്‌ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലെത്തത്തിയ പോലീസ് പ്രശ്‌നത്തില്‍ ഇടപെടാനുള്ള നീക്കവും വിഫലമായി. വധുവിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവരെ എസ്‌ഐയുടെ സാന്നിധ്യത്തില്‍ ഫോണ്‍വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
പരിഹാരമുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടില്‍ നൂറുകണക്കിനാളുകള്‍ പള്ളിയില്‍ തന്നെ നിലയുറപ്പിച്ചു. തുടര്‍ന്ന് പള്ളി അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. വിവാഹത്തിന് 600 പേര്‍ക്കുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. അലങ്കരിച്ച കാറില്‍ വീട്ടില്‍നിന്നു പള്ളി വരെയെത്തിയ വരന്റെ വീഡിയോ ചിത്രീകരണവും നടത്തിയിരുന്നു. വധുവിന്റെ പിന്മാറ്റത്തില്‍ മാനസികവിഷമത്തിലായ ബന്ധുക്കള്‍ സ്വര്‍ണം, വസ്ത്രം, ഭക്ഷണം, വീഡിയോ ചിത്രീകരണം ഉള്‍പ്പെടെയുള്ളവയ്ക്കു മുടക്കിയ രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരത്തിനും മാനസികപ്രയാസത്തിനുമെതിരെ കുമരകം പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം മോതിരമാറ്റവും വിളിച്ചുചൊല്ലല്‍ ചടങ്ങും പൂര്‍ത്തിയാക്കിയിരുന്നു. വൈകുന്നേരം പള്ളി അധികൃതര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്.
വിവാഹവേദിയില്‍ വധുവെത്തിയില്ല: പള്ളിയില്‍ വരന്റെ ബന്ധുക്കളുടെ കുത്തിയിരിപ്പ്; കൂട്ടയടി