കരുനാഗപ്പിള്ളി: വ്യാജ വാര്‍ത്ത സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ക്യാമറയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറുനാടന്‍ മലയാളിയുടെ ലേഖകന്‍ പീയൂഷിനെയാണ് കരുനാഗപിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പിള്ളി ജംഗ്ഷനില്‍ സാദാചാര ഗുണ്ടായിസമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിനിയെ കൊണ്ട് കഥ പറയിപ്പിച്ച് ക്യാമറയില്‍ പകര്‍ത്തി. നാട്ടുകാരിലൊരാള്‍ തന്നെ കയ്യേറ്റം ചെയ്‌തെന്നും സദാചാര ഗുണ്ടായിസമാണെന്നുമാണ് വിദ്യാര്‍ത്ഥിനി പറഞ്ഞത്. ഇയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടിയെയും കൊണ്ട് ലേഖകന്‍ സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി സത്യം വെളിപ്പെടുത്തുകയായിരുന്നു. തന്നെ കൊണ്ട് വ്യാജമായി പരാതി പറയിപ്പിച്ച് മൊബൈലില്‍ പകര്‍ത്തുകയായിരുന്നെന്ന് പോലീസിനോട് പരാതി പറഞ്ഞു.
ഇതോടെ സത്യം മനസിലാക്കിയ പോലീസ് മറുനാടന്‍ ലേഖകനെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെയും നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നെന്ന് പോലീസ് പറഞ്ഞു. മൊബൈലില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.
മംഗളം പ്രാദേശിക ലേഖകനായിരിക്കെ വ്യാജ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പത്രത്തില്‍ നിന്നും പ്രസ് ക്ലബില്‍ നിന്നും പുറത്താക്കിയിരുന്നെന്നും കരുനാഗപ്പിള്ളി എസ് ഐ പറഞ്ഞു. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പ്രവാസിയുടെ വ്യാജ ചരമ വാര്‍ത്ത സൃഷ്ടിച്ചതിനാണ് ഇയ്യാള്‍ കയ്യോടെ മുമ്പ് പിടിക്കപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പത്രം നടപടി എടുത്തത് .