തിരുവനതപുരം : മറുനാടൻ മലയാളിക്ക് വീണ്ടും കുരുക്ക് .ഓഫീസിൽ നിന്നും ഏഴുദിവസത്തിനുള്ള മാറണം .മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ. ഏഴ് ദിവസത്തിനുള്ളിൽ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നൽകിയത്.
ഓഫീസ് നിൽക്കുന്ന കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ചതിന് ഓൺലൈൻ ചാനലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി സ്വദേശി നൽകിയ പരാതിയിലാണ് നടപടി.
ബിഎസ്‌എൻഎല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് മറ്റൊരു കേന്ദ്ര സർക്കാർ സ്ഥാപനമായ രജിസ്ട്രാർ ഓഫ് കമ്പനീസിനെ വഞ്ചിച്ചെന്നാണ് കേസ്. ഷാജൻ സ്കറിയ, കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് ഭാഗത്തുള്ള കേരള രജിസ്‌ട്രാർ ഓഫ് കമ്പനീസിൽ വ്യാജരേഖ നൽകി ടൈഡിങ് ഡിജിറ്റൽ പബ്ലിക്കേഷൻസ് എന്ന സ്ഥാപനം രജിസ്റ്റർ ചെയ്ത് ഇൻകോർപറേഷൻ സർട്ടിഫിക്കറ്റ് വാങ്ങിയതായി പരാതിയിൽ പറയുന്നു. ഇതിനായി 2018 ജൂലൈ ആറിലെ ബിഎസ്‌എൻഎല്ലിന്റെ ടെലിഫോൺ ബിൽ ഇയാൾ വ്യാജമായി ചമച്ചുനൽകുകയായിരുന്നു.സിഎം പോർട്ടൽവഴി നൽകിയ പരാതിയാണ് തൃക്കാക്കര പൊലീസിന് കൈമാറിയത്. കേസിൽ പൊലീസ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.