ഇന്ത്യയുടെ ഉരുക്കുവനിതയായ മേരി കോം, ഒരു പ്രതീകമാണ്. രാജ്യം കണ്ട എക്കാലത്തേയും മികച്ച വനിതാ ബോക്സിങ് താരം. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ജനിച്ചു വളര്‍ന്നതിന്റെ പേരില്‍ വംശീയ അധിക്ഷേപത്തിനും പക്ഷപാതത്തിനും ഇരയായ മേരി കോം തന്റെ ദുരനുഭവങ്ങളുടെ ഓര്‍മയില്‍ പൊട്ടിക്കരഞ്ഞു. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തിനിടയിലാണ് മേരി കോം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞത്. അഞ്ചു തവണ ലോക ബോക്സിങ് ചാമ്പ്യനായ മേരി കോം തനിക്ക് നേരിടേണ്ടിവന്ന വിവേചനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ബോക്സിങ് ടീം സെക്ഷനില്‍ നടക്കുന്ന പ്രാദേശിക തരംതിരിവുകള്‍ നിരവധി തവണ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മേരി കോം പറഞ്ഞു. ചില അവസരങ്ങളില്‍ ഈ പ്രവണത തന്നെ വളരെയധികം അസ്വസ്ഥയാക്കിയിട്ടുണ്ട്. ജഡ്ജസും റഫറിമാരും വരെ ഇതിനു പിന്തുണ നല്‍കുന്നു. പക്ഷേ ഞാനിത് കാര്യമാക്കുന്നില്ല. ഞാന്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കായികതാരമാണ്, സമ്മതിക്കുന്നു. പക്ഷേ ഞാനിപ്പോഴും ഇന്ത്യക്കാരി തന്നെയാണ് മേരി കോം പറയുന്നു. ഏറ്റവുമൊടുവില്‍ റിയോ ഒളിമ്പിക്സില്‍ തന്റെ മെഡല്‍ മോഹങ്ങള്‍ക്ക് മേല്‍ ഇന്ത്യന്‍ ബോക്സിങ് ഫെഡറേഷനിലെ ഈ പക്ഷപാത ശക്തികള്‍ കരിനിഴല്‍ വീഴ്‍ത്തിയിരിക്കുകയാണ്. ഹരിയാനക്കാരിയും തന്റെ അതേ വിഭാഗത്തില്‍ മത്സരിക്കുന്ന വനിതാ താരവുമായ പങ്കി ജാഗ്രക്കാണ് സെലക്ടര്‍മാര്‍ എപ്പോഴും പിന്തുണ നല്‍കുന്നത്. മത്സരങ്ങളില്‍ തനിക്ക് മുന്നില്‍ പതിവായി തോല്‍ക്കാറുള്ള പിങ്കിയെ വാഴ്‍ത്താനാണ് അവരുടെ ശ്രമം. താനത് കാര്യമാക്കുന്നില്ല. എന്റെ കഴിവ് ബോക്സിങ് റിംഗില്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണെന്നും മേരി കോം പറഞ്ഞു.