
ചെങ്ങന്നൂര്‍: ശബരിമല സ്ത്രീ പ്രവേശന വിധി വന്ന തുലാമാസ പൂജാകാലത്ത് വിദ്യാരംഭനാളില്‍ ശബരിമലയിലേക്കു പോകാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും മല കയറാനെത്തി. പ്രതിഷേധക്കാര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. തുലാമാസ പൂജയുടെ സമയത്ത് ഇവരെ പമ്പയില്‍ തടഞ്ഞിരുന്നു.
ഇന്നു ട്രെയിനില്‍ ചെങ്ങന്നൂരിലെത്തി നിലയ്ക്കലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ തിരിച്ചറിഞ്ഞു മേരി സ്വീറ്റിയെ പുറത്തിറക്കി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പു മുറിയില്‍ ഇവരെത്തിയതിനെ തുടര്‍ന്നു പ്രതിഷേധക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ശരണം വിളിച്ചു പ്രതിഷേധിച്ചു. തിരിച്ചയയ്ക്കാനുള്ള പൊലീസ് ശ്രമത്തിനൊടുവിലാണ് ഇവര്‍ തിരുവനന്തപുരത്തേക്കു പോയത്.
മേരി സ്വീറ്റി പരസ്പരവിരുദ്ധമായാണു സംസാരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.ദുബായ് മീഡിയ ആന്‍ഡ് ഇവന്റ്‌സിന്റെ പ്രതിനിധിയാണെന്നും പമ്പ ഗണപതി ക്ഷേത്രത്തില്‍ പോകാനാണ് എത്തിയതെന്നും മേരി പറയുന്നു. ദുബായില്‍നിന്നു തലച്ചോറിലേക്കു ടെലിപ്പതി നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതനുസരിച്ചാണ് എത്തിയതെന്നും അവര്‍ പറയുന്നു.