ദുബായില്‍ നിന്ന് തലച്ചോറിലേക്ക് ടെലിപ്പതി വന്നു മല ചവിട്ടാന്‍; മേരി സ്വീറ്റി വീണ്ടുമെത്തി..

ചെങ്ങന്നൂര്‍: സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജകള്‍ക്കായി നട തുറന്ന സമയത്ത് മല ചവിട്ടാനെത്തിയ മേരി സ്വീറ്റി ഇത്തവണയും എത്തി. അന്ന് പ്രതിഷേധത്തിനൊടുവില്‍ തിരികെ പോയ അവര്‍ ഇത്തവണ ചെങ്ങന്നൂരില്‍ നിന്ന് തന്നെ തിരിച്ച് മടങ്ങി. സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരികെപ്പോക്ക്. ഇത്തവണ എത്തിയത് ദുബായില്‍ നിന്ന് ടെലിപ്പതി വന്നതിനെ തുടര്‍ന്നാണ് എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

ട്രെയിനില്‍ ചെങ്ങന്നൂരിലെത്തി നിലയ്ക്കലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ തിരിച്ചറിഞ്ഞ് പുറത്തിറക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ സന്നിധാനത്തിലേക്ക് ഇല്ലെന്നും പമ്പ വരെ പോയാല്‍ മതിയെന്നും മേരി സ്വീറ്റി പറഞ്ഞുവെങ്കിലും പ്രതിഷേധം അയഞ്ഞില്ല. മേരി സ്വീറ്റിയുമായി പോലീസ് അനുരഞ്ജന ചര്‍ച്ച നടത്തി തിരുവനന്തപുരത്തേക്ക് ബസ് മാര്‍ഗ്ഗം തിരിച്ചു വിട്ടിരിക്കുകയാണ്. പ്രതിഷേധത്തിനൊടുവില്‍ തിരിച്ചുപോകാമെന്ന് മേരി സ്വീറ്റി അറിയിക്കുകയായിരുന്നു.

എന്നാല്‍ മേരി സ്വീറ്റി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ദുബായ് മീഡിയ ആന്‍ഡ് ഇവന്റ്സിന്റെ പ്രതിനിധിയാണെന്നും പമ്പ ഗണപതി ക്ഷേത്രത്തില്‍ പോകാനാണ് എത്തിയതെന്നും മേരി പോലീസിനോട് പറഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.

Top