നിലയ്ക്കലില്‍ ഇന്നലെ സംഭവിച്ചത്; രക്ഷപ്പെടാന്‍ രാഖി കെട്ടിക്കോളാന്‍ ‘ഭക്തന്മാരുടെ’ നിര്‍ദ്ദേശമെന്ന് 24റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷ് പറയുന്നു…

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനവുമായി വിശ്വാസികള്‍ നിലയ്ക്കലില്‍ നടത്തുന്ന സമരം സംഘര്‍ഷഭരിതമാകുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. ഏഷ്യാനെറ്റ് ചാനലിനെ ഉന്നം വെച്ചും ആക്രമണം നടക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് 24ന്റെ വാര്‍ത്താ സംഘത്തെ നിലയ്ക്കല്‍ വച്ച് അക്രമി സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ബന്ദിയാക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷ്, ക്യാമറമാന്‍ സ്വാതി കൃഷ്ണന്‍, ഡ്രൈവര്‍ കൃഷ്ണ കുമാര്‍ എന്നിവരെയാണ് അക്രമി സംഘം ബന്ദികളാക്കിയത്. വാര്‍ത്താ സംഘം സഞ്ചരിച്ചിരുന്ന കാറും അക്രമി സംഘം അടിച്ച് തകര്‍ത്തു. ക്യാമറ നിലത്ത് അടിച്ച് പൊട്ടിച്ചു. മൊബൈല്‍ കൈക്കലാക്കി ദൂരേക്ക് എറിഞ്ഞു. തുടര്‍ന്ന് കുറുവടികളുമായി എത്തിയ സംഘം അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മാത്രം ലക്ഷ്യം വച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു ഇന്നലെ നിലയ്ക്കലിലെന്ന് 24റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷ് പറയുന്നു. എന്താണ് ഇന്നലെ സംഭവിച്ചത്? അക്രമികളുടെ കയ്യില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നിഖില്‍ പ്രമേഷ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി നിലയ്ക്കല്‍,പമ്പ,എരുമേലി എന്നിവിടങ്ങളിലായുണ്ട് ഞാനും സ്വാതിയും കൃഷ്ണകുമാറും. .. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാം മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് കവര്‍ ചെയ്യാനാണ് എത്തിയത്. മിനിഞ്ഞാന്ന് മുതല്‍ അതിഭീകരമായിരുന്നു കാഴ്ചകള്‍. ഇടവിട്ട് ഇടവിട്ട് അങ്ങിങ്ങ് സംഘര്‍ഷം… മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം.. തെറിവിളി.. അപമാനിയ്ക്കല്‍.. അങ്ങനെ…

ചെറുതെങ്കിലും, എന്റെ മാധ്യമ പ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും വലിയ വയലന്‍സ് സമരമാണ് അവിടെ കണ്ടത്… രാവിലെ മുതല്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് കയ്യേറ്റം… പിന്നെ തെറിവിളിച്ചുള്ള അപമാനിക്കല്‍…

വൈകീട്ടോടെ പ്രവര്‍ത്തകര്‍ മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു. പിന്നാലെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതെല്ലാം കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് ഞങ്ങള്‍ തിരിച്ചപ്പോഴാണ് അക്രമി സംഘം കാറ് തടഞ്ഞത്. നിലയ്ക്കലില്‍ നിന്ന് 2കിലോമീറ്റര്‍ കഴിഞ്ഞിട്ടുണ്ടാകും. ഇരുമുടികെട്ടോ, തോള്‍സഞ്ചിയോ ഒന്നും ഇല്ലാത്ത ഒരു സംഘം വണ്ടിയ്ക്ക് കുറുകെ കയറി നിന്നു. ഇവരുടെ കയ്യില്‍ വലിയവടികളും പെട്രോള്‍ ബോംബും ഉണ്ടായിരുന്നു. വണ്ടി നിറുത്തിയതിന് പിന്നാലെ ഓടിയെത്തിയ സംഘം വണ്ടി തകര്‍ത്തു. ആദ്യ ഉപയോഗത്തിനായി പുറത്ത് കൊണ്ടുവന്ന ക്യാമറയും ട്രൈപോഡും ബാഗും എല്ലാം ഓരോന്നായി തകര്‍ത്തു. .. ക്യാമറാമാന്‍ സ്വാതിയുടെയും സാരഥി കൃഷ്ണകുമാറിന്റെയും ഫോണുകള്‍ ദൂരെക്കളഞ്ഞു…. പവര്‍ ബാങ്കുകള്‍.. നെറ്റ് സെറ്റര്‍.. മൈക്ക്… എല്ലാം പോയി..

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കുഞ്ഞിനെ പോലെ പ്രീയപ്പെട്ടതാണ് ക്യാമറ.. എടുക്കുമ്പോഴും വയ്ക്കുമ്പോഴും ആ വാത്സല്യം ഞങ്ങള്‍ കാണിയ്ക്കും… ഉപയോഗിച്ച് കൊതിപോലും തീര്‍ന്നിട്ടില്ലാത്ത പുത്തന്‍ ക്യാമറ ടാര്‍ നിരത്തില്‍ അടിച്ച് പൊട്ടിക്കുമ്പോള്‍, ഞാന്‍ ക്യാമറമാന്‍ സ്വാതിയുടെ നിസ്സഹായമായ കണ്ണുകളെ കാണുകയായിരുന്നു..

പിന്നെ അടി, നേരിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമോ ഒന്നും കുഞ്ഞുനാള്‍ മുതലേ ഇല്ലാതിരുന്നതു കൊണ്ട്, കൈവണ്ണമുള്ള, വലിയ വടികൊണ്ടുള്ള സംഘട്ടനമൊക്കെ ഞാന്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളു… ആദ്യ അടി കാലിന് താഴെ മുട്ടിനോട് ചേര്‍ന്നായിരുന്നു..പിന്നെ വയറിന് താഴെയും. മുഖത്തും വയറിലുമെല്ലാം പിന്നെയും പിന്നെയും അടി വീണു. അടികൊണ്ട് അവശരായിട്ടും ഞങ്ങളെ വിടാന്‍ അവര്‍ തയ്യാറായില്ല, എല്ലാം നഷ്ടമായ ഞങ്ങള്‍ അവിടെ നിന്ന് പോകാന്‍ തയ്യാറാകില്ലെന്ന് മനസിലായതോടെ ഇവര്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ജീവന്‍ കിട്ടിയില്ലേ ഇനി പൊക്കോ എന്ന് നിര്‍ദേശം, വേണമെങ്കില്‍ താഴെ വരെ എസ്‌കോര്‍ട്ട് തരാമെന്ന വാഗ്ദാനവും.. കൂട്ടത്തില്‍ ഒരാള്‍ രാഖി തന്ന് കയ്യില്‍ കെട്ടിക്കോളാന്‍ പറഞ്ഞു. പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ ആണത്രേ…

മടങ്ങും മുന്‍പ് ഒരു ചോദ്യം കൂടി ചോദിച്ചു ”നിങ്ങള്‍ ഏഷ്യാനെറ്റ് അല്ലല്ലേ എന്ന്…’ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകരെ ആയിരുന്നത്രേ അവര്‍ക്ക് വേണ്ടത്…

ഇതൊക്കെ കാണുമ്പഴും കേള്‍ക്കുമ്പോഴും വീട്ടിലിരുന്ന് ടീവി കാണുന്ന വലീയൊരു വിഭാഗം പറയും ‘ ആ.. ഓര്ക്ക് ഇത് കിട്ടണംന്ന്..”
ഇങ്ങനെ തല്ലിച്ചതയ്ക്ക്കണമെന്ന് വിധിയെഴുതാന്‍ മാത്രം ഞങ്ങളെന്ത് തെറ്റാണ് ചെയ്തതെന്ന് മാത്രമറിയില്ല….
ഒന്നേ പറയാനുള്ളു… മനുഷ്യരാണ് ഞങ്ങളും.. നിലയ്ക്കലേക്ക് തിരികെ പോകാന്‍ തന്നെയായിരുന്നു തീരുമാനം, പക്ഷേ എന്റെ സ്ഥാപനം സ്‌നേഹപൂര്‍വ്വം വിലക്കിയതുകൊണ്ട് മടങ്ങുന്നു.. നിഖില്‍ പറയുന്നു.

Top