ഇഷ്ട സീറ്റിനായി പിടിവലി!! മനംമടുത്ത് കേന്ദ്രവും അണികളും; ബിജെപി മത്സരിക്കുന്നതിന് മുന്നേ പരാജയപ്പെടുന്നോ?

ന്യൂഡല്‍ഹി: ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ്വരെ കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ഇലക്ഷനടുത്ത് മറ്റുള്ള മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണവും തുടങ്ങിയിട്ടും ബിജെപി ഇരുട്ടില്‍ തപ്പുകയാണ്. എല്‍ഡിഎഫ് പൂര്‍ണമായും യുഡിഎഫ് ഭാഗികമായും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പോര്‍ക്കളം സജീവമാക്കിയിട്ടും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളുടെകാര്യത്തില്‍ കാര്യമായ തീരുമാനമൊന്നും എടുക്കാനായിട്ടില്ല.

പാര്‍ട്ടിയുടെ കേരളത്തിലെ അവസ്ഥയില്‍ ആകെ വിഷണ്ണരായിരിക്കുകയാണ് കേന്ദ്രനേതൃത്വം. തങ്ങളുടെ ഇഷ്ട സീറ്റിനായി കടിപിടികൂടുകയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍. കൂടാതെ സഖ്യകക്ഷികളായ ബിഡിജെഎസിന്റെ കാര്യത്തിലും തീരുമാനമൊന്നും ആകാത്തതും കേന്ദ്രത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അണികളും ആകെ വലഞ്ഞിരിക്കുകയാണ്. ഭൂരിഭാഗം ചുമരുകളും മതിലുകളും ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ കയ്യേറിക്കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുഷാറിനായി തൃശൂര്‍ സീറ്റ് വിട്ടുനല്‍കുന്നതോടെ ബിജെപി സ്ഥാനാര്‍ഥികളായി വരാറുള്ള പതിവ് മുഖങ്ങള്‍ പലരും ഇത്തവണ മത്സരരംഗത്തുണ്ടാകില്ല എന്ന സൂചനകളാണ് വരുന്നത്. പത്തനംതിട്ടയോ തൃശൂരോ ആണെങ്കില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ എന്ന നിലപാടിലാണ് ആദ്യം മുതല്‍ തന്നെ കെ.സുരേന്ദ്രന്‍. ഏറ്റവും ഒടുവില്‍ ആറ്റിങ്ങലില്‍ മത്സരിക്കണമെന്ന് കെ.സുരേന്ദ്രനോട് നേതൃത്വം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. സുരേന്ദ്രന്‍ ഇതിന് വഴങ്ങിയാല്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് ഇത്തവണ മത്സരരംത്തുണ്ടാകില്ല.

ശബരിമല വിഷയത്തോടെ തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി നേതാക്കള്‍ ഹോട്ട് സീറ്റായി കാണുന്നത് പത്തനംതിട്ടയാണ്. ഗവര്‍ണര്‍ പദവി വിട്ട് തിരിച്ചെത്തിയ കുമ്മനം തിരുവനന്തപുരം ഉറപ്പിച്ചപ്പോള്‍ നേതാക്കളെല്ലാം പത്തനംതിട്ടയ്ക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇതിനിടെ തിരുവനന്തപുരത്ത് നോട്ടമിട്ട സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഡല്‍ഹി ചര്‍ച്ചകളില്‍ പത്തനംതിട്ട ഉറപ്പിച്ചു. ഇതിനിടെ അവിടെ മത്സരിക്കാന്‍ ആഗ്രഹിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് എറണാകുളത്ത് നില്‍ക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു. പക്ഷേ അദ്ദേഹവും പത്തനംതിട്ട ആണെങ്കില്‍ മാത്രമേ മത്സരിക്കൂ എന്ന് വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ പത്തനംതിട്ടയില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും അവിടെ ഇല്ലെങ്കില്‍ മത്സരത്തിനില്ല എന്ന് ജനറല്‍ സെക്രട്ടറി എം.ടി രമേശും നേതൃത്വത്തെ അറിയിച്ചിരുന്നു. കോഴിക്കോട് സീറ്റിലേക്കാണ് എം.ടി രമേശിനെ ഇപ്പോള്‍ പരിഗണിക്കുന്നത്. അതിന് അദ്ദേഹം വഴങ്ങുമോ എന്ന് കണ്ടറിയണം. ബിഡിജെഎസ്സിന് അനുവദിച്ച എറണാകുളം ഏറ്റെടുത്ത് പകരം കോഴിക്കോടാണ് കൊടുക്കുന്നതെങ്കില്‍ രമേശ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. പാലക്കാട് പരിഗണിക്കണമെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രനും. ആറ്റിങ്ങലിലേക്ക് ചര്‍ച്ചവന്നപ്പോള്‍ ശോഭ സുരേന്ദ്രന്‍ താന്‍ അവിടേക്കില്ല എന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തൃശൂര് തുഷാറും പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളയും മത്സരിച്ചാല്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശും കെ.സുരേന്ദ്രനും ഇത്തവണ സ്ഥാനാര്‍ഥികളാകില്ല. വി. മുരളീധരന്‍ പക്ഷക്കാരനായ സി. കൃഷ്ണകുമാര്‍ പാലക്കാട് ഏറക്കുറേ ഉറപ്പിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ കെ.സുരേന്ദ്രനും എം.ടി രമേശിനും പിന്നാലെ മൂന്നാമത്തെ ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രനും ഇത്തവണ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയില്ല.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ടോം വടക്കന്‍ എവിടെ സ്ഥാനാര്‍ഥിയായി വരും എന്നതും ആകാംക്ഷ ഉണര്‍ത്തുന്നു. ടോം വടക്കന്‍ ചാലക്കുടിയിലും കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും സ്ഥാനാര്‍ഥികളായാല്‍ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ എവിടെ മത്സരിക്കുമെന്നതും ചോദ്യമായി നില്‍ക്കുന്നു. നാലാമത്തെ ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്ണന്‍ എറണാകുളത്ത് തന്നെ മത്സരിച്ചേക്കും. നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ കണ്ണന്താനം മത്സരിക്കുക എറണാകുളത്താകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ എ.എന്‍ രാധാകൃഷ്ണനും പട്ടികയ്ക്ക് പുറത്താകും

കൊല്ലത്ത് പരിഗണിക്കുന്നത് സി.വി ആനന്ദബോസിന്റെ പേരാണ്. കോഴിക്കോട് പലതവണ മത്സരിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ ഇത്തവണ കണ്ണൂരിലായിരിക്കും ജനവിധി തേടുക.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top