തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കി. കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധനനിയമപ്രകാരം മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സിന് പരാതി നല്‍കി.
അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായ മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പറഞ്ഞില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.
മാസപ്പടി വിവാദത്തിലെ പി വി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അത് ഞാനല്ല എന്ന് മാത്രം പറഞ്ഞ് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അത് അനുവദിക്കില്ല. പി വി അദ്ദേഹം തന്നെയാണ് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.