ജക്കാര്‍ത്ത: ഗ്രാമവാസിയെ മുതല കടിച്ചു കൊന്നതില്‍ പ്രകോപിതരായ നാട്ടുകാര്‍ മുന്നൂറോളം മുതലകളെ കൊന്നൊടുക്കി. ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുതലവളര്‍ത്തു കേന്ദ്രത്തിലെ മുതലകളെ കൊന്നൊടുക്കി ഒന്നിന് മുകളില്‍ ഒന്നായി കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.
കന്നുകാലികള്‍ക്ക് വേണ്ടി പുല്ലരിയാന്‍ പോയ 48കാരനായ കര്‍ഷകനെയാണ് ശനിയാഴ്ച്ച മുതല പിടിച്ചത്. മുതലയുമായുളള ഏറ്റമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ മൃതദേഹം അടക്കം ചെയ്തതിന് ശേഷമാണ് നാട്ടുകാര്‍ മുതലകളെ കൊന്നൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മുതല വളര്‍ത്തു കേന്ദ്രത്തിലെ ഒരു ജീവനക്കാരനാണ് നിലിവിളി കേട്ടത്. ഇയാള്‍ നോക്കുമ്പോള്‍ ഒരാളെ മുതല കടിച്ചു പിടിച്ചിരിക്കുന്നതാണ് കണ്ടത്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റ് മുതലകള്‍ ഉള്ളത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിന് സാധിച്ചില്ല, പൊലീസ് പറഞ്ഞു.
കര്‍ഷകന്‍ മരിച്ചതോടെ പ്രകോപിതരായ ബന്ധുക്കളും നൂറുകണക്കിന് വരുന്ന നാട്ടുകാരും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുതല വളര്‍ത്തു കേന്ദ്രത്തിലെ അധികൃതര്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് പൊലീസ് പറഞ്ഞത്. ഉടന്‍ തന്നെ ജനക്കൂട്ടം മുതലവളര്‍ത്തു കേന്ദ്രത്തിലെത്തി. വാളുകളും കത്തികളും വടികളുമായെത്തിയ സംഘം 292 മുതലകളെ കശാപ്പ് ചെയ്യുകയായിരുന്നു. കൈപ്പത്തിയോളം വലുപ്പമുളള കുഞ്ഞുമുതലകളെ മുതല്‍ വലിയ മുതലകളെ വരെ നാട്ടുകാര്‍ കൊന്നൊടുക്കി. സംഭവത്തില്‍ ഇത്രയും വലിയ ജനക്കൂട്ടം അക്രമം നടത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.