ബാഗ്ദാദ്: ഇറാഖിലും ഇറാനിലും കുവൈത്തിലുമടക്കം മധ്യപൂര്‍വ്വേഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 129 ആയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂര്‍വേഷ്യയെയും വിറപ്പിച്ചു. കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്.
ഇറാഖ് അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറിയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമര്‍ജന്‍സി സര്‍വീസസ് മേധാവി പിര്‍ ഹുസൈന്‍ കൂലിവന്‍ഡ് അറിയിച്ചു. കുറഞ്ഞത് എട്ടു ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടനയുടെ മേധാവി മോര്‍ടെസ്സ സലിം ഔദ്യോഗിക ടെലിവിഷനായ ഐആര്‍ഐഎന്‍എന്നിനോട് അറിയിച്ചു. ചില ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷന്‍ സംവിധാനവും തകര്‍ന്നിട്ടുമുണ്ട്.
മണ്ണിടിച്ചില്‍ ഉണ്ടായി റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താന്‍ താമസം നേരിട്ടിരുന്നു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇറാഖിലെ സുലൈമാനിയ പ്രവിശ്യയില്‍ വീടുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു പരിഭ്രാന്തരായ ജനങ്ങള്‍ നഗരത്തിലേക്ക് ഇറങ്ങിയോടുന്നതു കണ്ടതായി രാജ്യാന്ത വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു വീണു. താമസക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിന്‍താസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതല്‍ തീവ്രത അനുഭവപ്പെട്ടത്. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി.
2003ല്‍ ഇറാനിലെ ബാമിലുണ്ടായ ഭൂകമ്പത്തില്‍ 31,000 പേരാണു കൊല്ലപ്പെട്ടത്. പിന്നീട് 2005ല്‍ 600 പേരും 2012ല്‍ 300 പേരും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു.