ഭൂകമ്പം:മണിപ്പുരില്‍ 8 മരണം,വന്‍ നാശനഷ്ടം

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ മണിപ്പുരില്‍ എട്ട്‌ മരണം. നിരവധി കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുണ്ടായി. നൂറോളം പേര്‍ക്കു പരുക്കേറ്റു. മണിപ്പുരിലെ താമെങ്‌ലോങ്‌ പ്രഭവകേന്ദ്രമായി ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ്‌ ഭൂചലനമുണ്ടായത്‌. റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നിമിത്തം കെട്ടിടങ്ങള്‍ ഇളകിയാടിയതോടെ ജനം ഉറക്കമുണര്‍ന്ന്‌ പുറത്തേക്കോടി. മണിപ്പുരില്‍ മാത്രം എഴുപതോളം പേര്‍ക്കാണു പരുക്കേറ്റത്‌. ഇംഫാല്‍ പട്ടണത്തില്‍ വൈദ്യുതി വിതരണം തകരാറിലായി. അസമില്‍ ഇരുപതോളം പേര്‍ക്കു പരുക്കുണ്ട്‌.

ഭൂകമ്പത്തെ തുടര്‍ന്ന് ഭയചകിതരായ ജനങ്ങള്‍ വീടുകളും സാധനങ്ങളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പാഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടാണ് ഏഴ് പേര്‍ മരിച്ചത്. നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴുകയും തകരുകയും ചെയ്തു. വാഹനങ്ങള്‍ക്ക് മുകളിലേക്കും കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. അസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. മണിപ്പൂരില്‍ പിന്നീടുണ്ടായ തുടര്‍ചലനം റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനത്തിനായി കര, വ്യോമ സേനാംഗങ്ങള്‍ രംഗത്തിറങ്ങി. മണിപ്പുരിലും അസമിലുമായി കേന്ദ്ര ദുരന്തനിവാരണ സേനയും സേവനത്തിനിറങ്ങി. പ്രധാന വാണിജ്യകേന്ദ്രത്തിലെ കെട്ടിടങ്ങള്‍ക്കടക്കം കേടുപാടുണ്ടായ ഇംഫാലിലാണ്‌ ഏറ്റവുമധികം നാശനഷ്‌ടം. പശ്‌ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്‌, ബിഹാര്‍, ത്രിപുര, മിസോറം, നാഗാലാന്‍ഡ്‌, സിക്കിം സംസ്‌ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണസേനയ്ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ഗുവാഹത്തിയില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേന വിവിധ മേഖലകളിലേക്കെത്തും.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അസമിലുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശങ്ങളിലെ കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിനെ ഭൂകമ്പ ബാധിത മേഖലകളിലേക്ക് അയച്ചിട്ടുണ്ട്.

Top