
കോതമംഗലം : അറസ്റ്റിലായ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും ഇടക്കാല ജാമ്യം. കേസ് രാവിലെ വീണ്ടും പരിഗണിക്കും. തുറന്ന കോടതിയില്‍ രാവിലെ 11 മണിക്ക് കേസ്് വാദം കേള്‍ക്കും. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം വഹിച്ചുകൊണ്ട് പ്രതിഷേധിച്ചതിനാണ് അറസ്റ്റുണ്ടായത്
കോതമംഗലം മജിസ്ട്രേറ്റിന് മുന്‍പിലാണ് ഇരുവരെയും ഹാജരാക്കിയത്. അന്യായമായി സംഘം ചേരുക, കലപാത്തിന് ശ്രമിക്കുക, കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കുക, ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ്. മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ഐപിസി 297 പ്രകാരവും കേസെടുത്തിട്ടുണ്ട്.
വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എയുടേയും എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടേയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. ഇതിന് സമീപത്തെ ചായക്കടയില്‍ നിന്നുമാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്.
കോതമംഗലത്തെ സമരപ്പന്തലില്‍നിന്നാണ് മാത്യു കുഴല്‍നാടനെ അറസ്റ്റ് ചെയ്തത്. രാത്രി 10 മണിക്ക് ശേഷമായിരുന്നു പൊലീസിന്റെ നാടകീയ നീക്കം. അറസ്റ്റ് തടയാന്‍ പ്രവര്‍ത്തകരുടെ ശ്രമം നടത്തിയെങ്കിലും പൊലീസ് ലാത്തിവീശി. പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 14 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ സംഭവസ്ഥലത്ത് എത്തി.