വൈത്തിരിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി. മൃതദേഹത്തിനരികില്‍ നിന്നും കണ്ടെത്തിയത് തോക്കും എട്ട് തിരകളും. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററും സ്ഥലത്ത് നിന്ന് കിട്ടി. അതേസമയം, ആദ്യം വെടിയുതിര്‍ത്തത് പൊലീസാണെന്നും മാവോയിസ്റ്റുകളെത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്നുമാണ് റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. 50000 രൂപയും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ട മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയതെന്നും വിനോദ സഞ്ചാരികള്‍ എത്തിയപ്പോള്‍ ഇവര്‍ കൗണ്ടറില്‍നിന്നു മാറി നിന്നെന്നും ജീവനക്കാര്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോടാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. അതേസമയം, മാവോയിസ്റ്റുകളാണ് ആദ്യം നിറയൊഴിച്ചതെന്നാണു പൊലീസിന്റെ വെളിപ്പെടുത്തല്‍.
വെടിയേറ്റു പൊലീസ് വാഹനത്തിന്റെ ചില്ലുതകര്‍ന്നു. ഇരുളില്‍നിന്നു രാത്രി വൈകിയും പോലീസിനുനേരേ വെടിവയ്പുണ്ടായി. റിസോര്‍ട്ട് വളപ്പില്‍ പൊലീസ് അവര്‍ക്കു നേരേ നിറയൊഴിച്ചത് ആത്മരക്ഷാര്‍ഥമാണെന്നും ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു. സിപിഐ(മാവോയിസ്റ്റ്) കബനി നാടുകാണി ദളത്തിലെ സജീവ പ്രവര്‍ത്തകനായ സി.പി. ജലീലാണ് ബുധനാഴ്ച രാത്രി ഒമ്ബതരയോടെ ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ഡോക്യുമെന്റേഷന്‍ വിദഗ്ധനാണ് ജലീല്‍ എന്നാണ് പൊലീസ് പറയുന്നത്.
അഞ്ച് ഏക്കര്‍ വരുന്ന വളപ്പിലുള്ള റിസോര്‍ട്ടിന്റെ റിസപ്ഷന്‍ കൗണ്ടറിനു കുറച്ചുമാറി പാറക്കെട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം. സമീപത്തു നാടന്‍ തോക്കും സഞ്ചിയും ചിതറിയ കറന്‍സികളും ഉണ്ടായിരുന്നു.
ജലീലിന്റെ തലയ്ക്കു പിന്നിലും തോളിലുമാണ് വെടിയേറ്റത്. ദേഹത്തു കൈയിലടക്കം വേറെ മുറിവുകള്‍ ഉണ്ട്. ഇത് പാറക്കെട്ടില്‍ വീണപ്പോള്‍ ഉണ്ടായതാണെന്നാണ് പൊലീസ് കരുതുന്നത്.