തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്.
കത്ത് കൃത്രിമമായി തയാറാക്കിയതെന്ന് മേയർ ആര്യ രാജേന്ദ്രൻ മൊഴി നൽകി. പ്രചരിച്ച കത്തിൽ ഉപയോഗിച്ചിരിക്കുന്ന ലെറ്റർപാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയെന്നാണ് മൊഴി. ലെറ്റർ ഹെഡും സീലും തന്റേതാണെന്ന് മേയർ പറഞ്ഞു .
‘ലെറ്റർ ഹെഡും സീലും തന്റെ ഓഫിസിന്റേതാണ്. ഉപയോഗിച്ച ലെറ്റർഹെഡ് കോർപ്പറേഷനിലെ പല സെക്‌ഷനുകളിൽനിന്നും ലഭിക്കും. ഇങ്ങനെ ലഭിച്ചതിൽനിന്ന് ലെറ്റർ ഹെഡും ഒപ്പിന്റെ ഭാഗത്തെ സീലും വച്ചാണ് കൃത്രിമ കത്ത് തയാറാക്കിയിരിക്കുന്നത്. കത്തിന്റെ ഭാഗം എഡിറ്റ് ചെയ്തു തയാറാക്കിയിരിക്കുന്നതാണ്’’ – ആര്യ നൽകിയ മൊഴിയിൽ പറയുന്നു.സംഭവത്തില്‍ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.
അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളിൽ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമായി. മേയറെ വീട്ടിൽ കരിങ്കോടി കാണിച്ച കെഎസ്‍യു പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. കോർപ്പറേഷനിൽ കോൺഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയർക്ക് സംരക്ഷണം തീർക്കാനാണ് സിപിഎം തീരുമാനം. മേയർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായായിരുന്നു വീട്ടിന് മുന്നിലെ കെഎസ്‍യുവിൻ്റെ കരിങ്കൊടി കാണിക്കൽ. സംരക്ഷണം തീർക്കാനെത്തിയ സിപിഎമ്മുകാർ പൊലീസ് ഇടപെടും മുമ്പ് പ്രതിഷേധക്കാരെ മർദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‍യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.