ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധി ഘട്ടത്തില്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.കൊറോണ പടരുന്ന സാഹചര്യത്തില്‍ പലരും മറ്റ് അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുന്നില്ല. പലരും മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി മരുന്ന് വാങ്ങി കഴിക്കുന്നു.
പനി, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വില്‍പ്പന നടത്തുന്ന മരുന്നു വ്യാപാരികള്‍ക്കെതിരെ ഡ്രഗ്‌സ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.