ജംബസര്‍: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പരാമര്‍ശം നടത്തിക്കൊണ്ടിരിക്കുന്ന വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ഹിന്ദുക്കള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് തൊഗാഡിയ മുന്‍പും പറഞ്ഞിരുന്നു. എന്നാല്‍, ഇത്തവണ തൊഗാഡിയ ഒരു മരുന്നുമായിട്ടാണ് എത്തിയത്.
ഹിന്ദുക്കളുടെ സന്താനോല്‍പാദനം വര്‍ധിപ്പിക്കാന്‍ സ്വയം മരുന്നും കണ്ടെത്തി. ഗുജറാത്തിലെ ബറുച്ച ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് തൊഗാഡിയ ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്. മുസ്ലീങ്ങളുടെ ജനസംഖ്യാ വര്‍ധനവിനെ നേരിടാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് തൊഗാഡിയ പറഞ്ഞു. ഹിന്ദുക്കള്‍ക്കിടയില്‍ വന്ധ്യത പ്രധാന കാരണമാകുന്നുണ്ട്. ഇത് ഇല്ലാതാക്കാനാണ് പ്രത്യേക മരുന്നു കണ്ടെത്തിയതെന്ന് തൊഗാഡിയ അവകാശപ്പെട്ടു.
ലൗ ജിഹാദും ക്രിസ്തു മതത്തിലേക്കുള്ള മതപരിവര്‍ത്തനവും ഹിന്ദുക്കളുടെ എണ്ണം കുറയാന്‍ കാരണമാണെന്നും തൊഗാഡിയ പറഞ്ഞു. പുകയിലയുടെ ഉപയോഗവും വന്ധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഹിന്ദു യുവാക്കള്‍ പുകയില ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോക്ടര്‍ കൂടിയായ തൊഗാഡിയ യോഗത്തില്‍ അവതരിപ്പിച്ച മരുന്നിന് 600 രൂപയാണ് വില. എന്നാല്‍ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കാന്‍ താന്‍ ഇത് 500 രൂപയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിച്ചാല്‍ പശുക്കളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും തൊഗാഡിയ പറഞ്ഞു.