ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ മറ്റ് മതങ്ങള്‍ക്കുള്ള ധനസഹായം കാണാതെ പോകുന്നു; ഏറ്റവും അധികം സബ്‌സിഡി നല്‍കുന്നത് ഹിന്ദുമത ആഘോഷങ്ങള്‍ക്ക്

ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് സബ്സിഡി നിര്‍ത്തലാക്കുന്നത്. 700കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പകരം ഈ പണം മുസ്ലിം പെണ്‍കുട്ടികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മുസ്ലിം തീര്‍ത്ഥാടകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്സിഡി നല്‍കണോ വേണ്ടയോ എന്നത് വലിയ ഒരു ചോദ്യമായി ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് സബ്സിഡി നല്‍കുന്നെന്നും ഇതര മത വിശ്വാസികള്‍ക്കൊന്നും ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നുമുള്ള പ്രചരണം വിവിധ കേന്ദ്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും സ്ഥിരമായി ഉയര്‍ത്തുന്നതായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷമായിരുന്നു മുപ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി സൗദ്യ അറേബ്യ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിന്റെ പരിധി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ തന്നെ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം സബ്സിഡി വിഷയത്തില്‍ പുനര്‍വിചിന്തനത്തിനായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.

2012 ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സബ്സിഡി പത്ത് വര്‍ഷത്തിനുള്ളില്‍ നിര്‍ത്തലാക്കണമെന്നും ഈ സാഹചര്യത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ അന്നു പറഞ്ഞിരുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ നടപ്പിലാക്കി വന്നിരുന്ന ഹജ്ജ് സബ്സിഡിയെക്കുറിച്ച് നിരവധി വാദമുഖങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. വിവിധ സാമൂഹ്യ നേതാക്കള്‍ക്ക് നല്‍കേണ്ട പണം രാഷ്ട്രീയ ഉപഹാരമായി നല്‍കുകയാണെന്നും ക്രമരഹിതമായ പണത്തിന്റെ ഒഴുക്കാണ് സബ്സിഡിയിലൂടെ നടക്കുന്നതെന്നുമുള്ള വാദങ്ങള്‍ സബ്സിഡിയെക്കുറിച്ച് ഉയര്‍ന്നു വന്നിരുന്നു.

എന്നാല്‍ ഹജ്ജ് സബ്സിഡിയെന്നാല്‍ സംസ്ഥാന മെഷിനറിയിലെ പണം മറ്റൊരു വിഭാഗത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകപ്പെടുക മാത്രമാണെന്നും സൗദിയിലേക്കുള്ള യാത്രയ്ക്ക് ഏയര്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന തുകയാണിതെന്നുമുള്ള വാദങ്ങളും ഹജ്ജ് സബ്സിഡിയെക്കുറിച്ച് ഉയര്‍ന്നിരുന്നു.

ഇസ്ലാം മത വിശ്വാസികള്‍ക്ക് തീര്‍ത്ഥാടനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്ന പണം മുസ്ലിം വിദ്യാര്‍ത്ഥികളുടെ പഠനത്തിനായും മറ്റും ചിലവഴിക്കാമെന്നുള്ള വാദങ്ങളും കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു.

എന്നാല്‍ തീര്‍ത്ഥാടകര്‍ക്കുള്ള സബ്സിഡി സര്‍ക്കാര്‍ അനുവദിക്കുന്നത് ഹജ്ജ് യാത്രയ്ക്ക് മാത്രമല്ല. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിലേക്കുള്ള യാത്രകള്‍ക്ക്ും സബ്‌സിഡി അനുവദിക്കുന്നുണ്ട്. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സബ്‌സിഡി മാത്രമല്ല, മറ്റു നിരവധി തീര്‍ത്ഥാടനങ്ങള്‍ക്കായി ഗവണ്‍മെന്റ് ഓരോ വര്‍ഷവും വന്‍ തുകയാണ് പ്രത്യക്ഷമായും പരോക്ഷമായും ചിലവഴിക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഹരിദ്വാര്‍, അലഹബാദ്, നാസിക് , ഉജ്ജയിനി എന്നിവിടങ്ങളിലായി കുംഭ മേളകളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

ഇവയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി തീര്‍ത്ഥാടകര്‍ക്കുമുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി കോടിക്കമക്കിന് രൂപയാണ് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിക്കുന്നത്. 2014 ലെ അലഹബാദ് കുംഭമേളയില്‍ മാത്രമായി 1150 കോടിയാണ് കേന്ദ്രം ചിലവഴിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാറാവട്ടെ 11 കോടിയും. ഈ മേളയുമായി ബന്ധപ്പെട്ട് 800 കോടിയോളം രൂപ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുകയുണ്ടായി.

12 വര്‍ഷത്തിലൊരിക്കല്‍ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നടക്കുന്ന സിംഹസ്ത മഹാ കുംഭ മേളയുടെ നടത്തിപ്പിനായി 100 കോടിയാണ് മധ്യപ്രദേശ് സര്‍ക്കാറിന് കഴിഞ്ഞ വര്‍ഷം കേന്ദ്രം അനുവദിച്ചത്. ഇതിന് സര്‍ക്കാര്‍ 3,400 കോടിയോളം രൂപ മധ്യപ്രപദേശ് സര്‍ക്കാറും ചിലവഴിക്കുകയുണ്ടായി.

ഉത്തരേന്ത്യയില്‍ നിന്നും ടിബറ്റിലെ കെലാസ മാനസ സരോവരിലേക്ക് നടത്തുന്ന തീര്‍ത്ഥാടനമാണ് ഗവണ്‍മെന്റ് ഫണ്ടു ചിലവഴിക്കുന്ന മറ്റൊരു പ്രധാന മേഖല. ഛത്തീസ്ഗഢ്, ദല്‍ഹി, ഗുജറാത്ത്, കര്‍ണ്ണാടക മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഒന്നര ലക്ഷം വീതം ഇതിനായി ചിലവഴിക്കുന്നുണ്ട്.

മധ്യപ്രദേശ് സര്‍ക്കാറിന്റെ മുഖ്യമന്ത്രി തീര്‍ത്ഥ ദര്‍ശന്‍ യോജന എന്ന പദ്ധതിയിലൂടെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മുതിര്‍ന്ന തീര്‍ത്ഥാടകര്‍ക്കും അവരുടെ സഹചാരികള്‍ക്കും യാത്രാ ഇളവ് നല്‍കുന്നുണ്ട്.

അതുപോലെ ജമ്മുകാശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന വിശ്വായികള്‍ക്കായി താമസ സൗകര്യങ്ങള്‍ ഒരുക്കാനും അനുബന്ധ കാര്യങ്ങള്‍ക്കുമായി തുക അനുവദിക്കുന്നുണ്ട്. ഗവണ്‍ണ്ണര്‍ക്കാണ് ഇതിന്റെ ചുമതല.

ജനപങ്കാളിത്തം കൊണ്ട് വളരെയധികം സമ്പന്നമാണ് ഇന്ത്യയിലെ തീര്‍ത്ഥാടനങ്ങളൊക്കെയും. അതുകൊണ്ടു തന്നെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വന്‍ സുരക്ഷ തന്നെ ആവശ്യമായ വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ ഒഴിവാക്കാന്‍ പറ്റാത്തതുമാണ്.അതേസമയം വ്യക്തിഗതമായി തീര്‍ത്ഥാടകര്‍ക്കു നല്‍കി വരുന്ന സബ്‌സിഡി ഗവണ്‍മെന്റിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി നിലകൊള്ളുന്നതാണ്.

പൊതുജനത്തിന്റെ പണം ഉപയോഗിച്ചുള്ള ഈ ചിലവഴിക്കലുകളൊക്കെയും ‘ഏത് പ്രത്യേക മതവും പരിപാലിക്കാനും പ്രോത്സാഹിപ്പിക്കാനും വിനിയോഗിക്കുന്ന പണം നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനയുടെ 27-ാം വകുപ്പിന്റെ’ ലംഘനമാണെന്ന് ഉറപ്പിച്ചു പറയാം.

മറ്റു നിരവധി മതങ്ങളിലെയും പല ആഘോഷങ്ങള്‍ക്കുമായി പ്രത്യക്ഷമായും പരോക്ഷമായും കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ചിലവഴിക്കുന്നത് മറച്ചുവെക്കാനാവില്ലെന്ന് 2012 ല്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതിനിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Top