രോഗി ബോധരഹിതനായി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍ ചുറ്റിലും നിന്ന് ഡാന്‍സ് കളിക്കുന്നത് എന്ത് തരം ധാര്‍മ്മികതയാണ്. ഇത്തരം സമയത്തും തങ്ങള്‍ പരമാവധി ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ചെയ്യുകയെന്നുമാണ് കൊളംബിയയിലെ ബൊളിവറിലുള്ള സാന്താ ക്രൂസ് ഡി ബോകാഗ്രാന്‍ഡെ ക്ലിനിക്കിലുള്ള ഒരു പറ്റം ഡോക്ടര്‍മാരും നഴ്‌സുമാരും തെളിയിച്ചിരിക്കുന്നത്. ഇവിടെ ഓപ്പറേഷന്‍ ടേബിളില്‍ പൂര്‍ണ നഗ്‌നയായി രോഗി കിടക്കുമ്പോള്‍ യൂണിഫോം അണിഞ്ഞ നഴ്‌സുമാരും ഡോക്ടര്‍മാരും ചുറ്റിനും നൃത്തം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍തത്തി സഹപ്രവര്‍ത്തകര്‍ രംഗത്തിന് കൊഴുപ്പേകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് അഞ്ച് മെഡിക്കല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുമുണ്ട്.
ഇവിടെ രോഗി പൂര്‍ണനഗ്‌നയായി അബോധാവസ്ഥയില്‍ ഓപ്പറേഷന്‍ ടേബിളില്‍ ഓപ്പറേഷന്‍ കാത്ത് കിടക്കവെയാണ് ഇവര്‍ ഉത്തരവാദിത്വമില്ലാതെ നൃത്തം ചെയ്തിരിക്കുന്നത്. ഈ ഓപ്പറേഷന്‍ സംഘത്തില്‍ പെട്ട ഒരാള്‍ തന്നെയാണീ വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. ഇതില്‍ നഴ്‌സുമാരും ഡോക്ടര്‍മാരും ചിരിച്ച് കൊണ്ട് എല്ലാം മറന്ന് രോഗിക്ക് ചുറ്റും നൃത്തം ചെയ്യുന്നത് കാണാം. എങ്ങനെയോ ഓണ്‍ലൈനനില്‍ ചോര്‍ന്ന ഈ വീഡിയോ പെട്ടെന്ന് വൈറലാവുകയായിരുന്നു. വീഡിയോയില്‍ കണ്ട അഞ്ച് ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എല്ലാ ഹെല്‍ത്ത് പ്രോട്ടോക്കോളുകളും ലംഘിക്കുന്ന വീഡിയോ ആണിതെന്നും അധികൃതര്‍ പറയുന്നു. തങ്ങളുടെ ക്ലിനിക്കിലെത്തുന്ന ഓരോ രോഗിക്കും ബഹുമാനം നല്‍കുകയെന്നത് തങ്ങളുടെ ക്ലിനിക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അതിനാല്‍ ജീവനക്കാര്‍ നടത്തിയ അനുചിതമായ പ്രവൃത്തിയില്‍ ഖേദിക്കുന്നുന്നും ക്ലിനിക്ക് ബോസുമാര്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നു. ഈ വീഡിയോ തങ്ങളുടെ സര്‍ജറി റൂമുകളിലൊന്നില്‍ വച്ചാണ് പകര്‍ത്തപ്പെട്ടിരിക്കുന്നതെന്നും ക്ലിനിക്ക് ബോസുമാര്‍ സമ്മതിക്കുന്നു.
തങ്ങളുടെ ക്ലിനിക്ക് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നല്ല നിലയില്‍ സല്‍പ്പേരോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരത്തിലുള്ള ഒരു പെരുമാറ്റം ജീവനക്കാരുടെ ഭാഗത്ത് നിന്നും ആദ്യമായാണ് ഉണ്ടായിരിക്കുന്നതെന്നും ക്ലിനിക്ക് തലവന്മാര്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ചില നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.