മീരാ കുമാര്‍ കേരളത്തില്‍; ഒരേ മനസ്സോടെ പിന്തുണയ്ക്കുമെന്ന് പിണറായി. പ്രതിപക്ഷവോട്ട് പ്രതീക്ഷയിൽ ബി.ജെ.പി

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റ പ്രതീകമാണ് മീരാകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മീരാ കുമാറിനെ ഒരേ മനസ്സോടെ പിന്തുണയ്ക്കണം. വര്‍ഗീയതയെ ചെറുക്കുന്നതിന്റെ ഭാഗമാണ് മീരാ കുമാറിനുള്ള പിന്തുണ. മഹത്തായ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് മീരാ കുമാര്‍ വ്യക്തമാക്കി.
സമാനതകളില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വ്യക്തികള്‍ തമ്മിലല്ല, നിലപാടുകള്‍ തമ്മിലാണ് ഇത്തവണത്തെ മത്സരം. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മീരാകുമാറിനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എം.പിമാർക്കും എം.എൽ.എമാർക്കും രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാവില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി എന്നീ കക്ഷികളിലെ അംഗങ്ങളുടെ വോട്ട് ലഭിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിതാവും പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് കോവിന്ദിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മുലായം വിഭാഗം കോവിന്ദിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പായി. മായാവതിയുടെ ബി.എസ്.പിയിലെ ചില അംഗങ്ങളും കോവിന്ദിന് വോട്ട് ചെയ്യുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എസ്.പിക്കും ബി.എസ്.പിക്കുമായി യു.പി നിയമസഭയിൽ 73 എം.എൽ.എമാരാണുള്ളത്. എസ്.പിക്ക് ലോക്സഭയിൽ അഞ്ചും രാജ്യസഭയിൽ 18 അംഗങ്ങളുമുണ്ട്. ബി.എസ്.പിക്ക് രാജ്യസഭയിൽ ആറ് അംഗങ്ങളാണുള്ളത്.
ബിഹാറിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യു കോവിന്ദിന് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ജെ.ഡി.യുവിനൊപ്പം ബീഹാർ ഭരിക്കുന്ന ആർ.ജെ.ഡി സംയുക്ത പ്രതിപക്ഷത്തിനൊപ്പമാണ്. ഇവിടെ ആർ.ജെ.ഡിയിലെയും കോൺഗ്രസിലെയും ചില അംഗങ്ങൾ കോവിന്ദിന് വോട്ട് ചെയ്യുമെന്ന് പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നത് ഭരണപക്ഷത്തിന് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ജൂലായ് 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് . 20ന് വോട്ടെണ്ണൽ നടക്കും.

Top