ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായിട്ട് വെറും ആറുമാസമേ ആയിട്ടുള്ളൂ. എന്നാല്‍ ഈ ചുരുങ്ങിയ കാലയളവില്‍ മേഗന്‍ ഹാരിയ്ക്കും രാജകുടുംബാംഗങ്ങള്‍ക്കും ഉണ്ടാക്കിയ പുകിലുകള്‍ ചെറുതല്ല. കൊട്ടാരത്തിനകത്തെ കുടുംബകലഹത്തിന് പ്രധാന കാരണക്കാരിയായി ആരോപിക്കപ്പെടുന്നത് മേഗനെയാണ്. അതായത് ഹാരിയുടെയും സഹോദരന്‍ വില്യമിന്റെയും കുടുംബങ്ങള്‍ തമ്മില്‍ അകലാന്‍ കാരണം മേഗനാണെന്നാണ് പിന്നാമ്പുറ സംസാരം. എന്തിന് സ്വന്തം അച്ഛനുള്‍പ്പെടെയുള്ള ബന്ധുക്കളെപ്പോലും മേഗന് കണ്ണെടുത്താല്‍ കണ്ടുകൂടായെന്ന വിവരം പാട്ടായിരുന്നു.
ഹാരിയുടെ ജ്യേഷ്ഠന്‍ വില്യത്തിന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ രാജകുടുംബത്തിന്റെ രീതികളെല്ലാം കൃത്യമായി പാലിക്കുമ്പോള്‍. ഇക്കാര്യത്തില്‍ ലവലേശം അച്ചടക്കം പാലിക്കാതെയാണ് മേഗന്റെ പോക്ക്. ഇതിനു പുറമേ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇവരുടെ തനിനിറം വെളിപ്പെടുത്തുന്നതാണ്. 2011 സെപ്റ്റംബറില്‍ ഹോളിവുഡ് പ്രൊഡ്യൂസറായ ട്രെവര്‍ ഈഗിള്‍സനെ വിവാഹം ചെയ്യുന്ന വേളയില്‍ ജമൈക്കയില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം മേഗന്‍ കഞ്ചാവ് പൊതി വിതരണം ചെയ്തിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. നേട്ടങ്ങള്‍ കൊയ്യാന്‍ എന്തിനും തയ്യാറാകുന്ന മേഗന് ഹാരിയോടുള്ള പ്രണയവും കൃത്രിമം നിറഞ്ഞതാണോ എന്ന ചോദ്യവും ഇതിനെ തുടര്‍ന്ന് ഉയരുന്നുണ്ട്. ഇക്കഥകളൊന്നുമറിയാഞ്ഞ ഹാരി പെട്ടുപോയതാണെന്ന അഭിപ്രായമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കുള്ളത്.
മേഗനെക്കുറിച്ചുള്ള സണ്‍ ദിനപത്രത്തിന്റെ പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ബക്കിങ്ഹാം പാലസ് ഇതുവരെ തയ്യാറായിട്ടില്ല. ആദ്യ വിവാഹത്തിനോട് അനുബന്ധിച്ച് നൂറോളം അതിഥികള്‍ക്കായി നടത്തിയ നാല് ദിവസത്തെ പാര്‍ട്ടി അവിസ്മരണീയമാക്കാനായിരുന്നു മേഗന്‍ ഈ വിധം പ്രവര്‍ത്തിച്ചതെന്നും വെളിപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം അസാധാരണമല്ലാത്ത പശ്ചാത്തലത്തില്‍ നിന്നാണ് മേഗന്‍ വരുന്നതെങ്കിലും അവര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നും ഇവരെ അടുത്തററിയാവുന്ന ഒരാള്‍ വ്യക്തമാക്കി. സഹോദരന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് വെളിപ്പെട്ടിരുന്നു. അച്ഛന്‍ തോമസ് സീനിയര്‍ ചിലപ്പോഴൊക്കെ കൊക്കെയിന്‍ ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.
ജമൈക്കയിലെ വിവാഹ ചടങ്ങില്‍ അതിഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ മേഗനെയും മുന്‍ ഭര്‍ത്താവിനെയും ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രോസിക്യൂഷന് വിധേയമാക്കാന്‍ സാധിക്കുമെന്നാണ് ജമൈക്കന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായ ജാക്യുലിന്‍ കുമ്മിന്‍സ് പറയുന്നത്. 2015ല്‍ ജമൈക്കയിലെ ഡ്രഗ് ലോകളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകാത്തവര്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും ഇന്നും ക്രിമിനല്‍ കുറ്റമാണ്. തന്റെ ആദ്യ കാല ടെലിവിഷന്‍ ഷോകളില്‍ മേഗന്‍ അല്‍പവസ്ത്രധാരിണിയായിട്ട് പോലും പങ്കെടുക്കാന്‍ തയ്യാറായിരുന്നുവെന്ന് അന്ന് അവരുടെ കൂടെ ജോലി ചെയ്തിരുന്ന സഹനടിയുടെ വെളിപ്പെടുത്തലുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുറത്ത് വന്നിരുന്നത്. ഇപ്പോള്‍ കഞ്ചാവ് വിതരണത്തിന്റെ വാര്‍ത്ത കൂടി പുറത്ത് വന്നതോടെ മേഗന്റെ നേരെയുള്ള സംശയങ്ങള്‍ കൂടുകയാണ്.