അഡ്വ. പ്രതിഭ എംഎല്‍എയുടെ മുന്‍ ഭർത്താവ് മരിച്ച നിലയില്‍; ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്

മലപ്പുറം: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് ഹരി ആത്മഹത്യ ചെയ്ത നിലയില്‍. കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥനായിരുന്നു ഹരി. നിലമ്പൂരിന് സമീപം ചുങ്കത്തറ സെക്ഷന്‍ ഓഫീസറായിട്ടായിരുന്നു ജോലി നോക്കിയിരുന്നത്. ആലപ്പുഴ തകഴി സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ കെ.എസ്.ഇ.ബി. ഓഫീസിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിഭയ്ക്കും ഹരിക്കും ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇവര്‍ വിവാഹമോചനം നേടി ബന്ധം വേര്‍പ്പെടുത്തിയിരുന്നു.

നേരത്തെ വിവാഹമോചന കേസ് സംബന്ധിച്ച് സൈബര്‍ ലോകത്ത് വിവാദമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറുപടിയുമായി പ്രതിഭ രംഗത്ത് വന്നിരുന്നു. അഡ്വക്കേറ്റ് പ്രതിഭ ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമാണ് വിവാഹമോചനത്തെക്കുറിച്ച് എംഎല്‍എ വിശദീകരിച്ചിരുന്നത്. മകന് 12 വയസ് ആകാന്‍ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാന്‍ ഇത്രയും സമയം വേണ്ടിവന്നതെന്ന് പ്രതിഭാ ഹരി വ്യക്തമാക്കി. ഇന്നലെ വരെ ഒരേ വീട്ടില്‍ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തില്‍ പിരിയാന്‍ തീരുമാനിച്ച ആളല്ല താനെന്നും, മാധ്യമങ്ങള്‍ അനാവശ്യമായി ഈ വിഷയത്തില്‍ ഇടപെടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രതിഭ ഹരിയുടെ ഹര്‍ജിയില്‍ ആലപ്പുഴ കുടുംബ കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതോടെ എംഎല്‍എയുടെ വിവാഹമോചനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയിയിലടക്കം ചര്‍ച്ചകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് തന്റെ വിവാഹമോചനത്തെക്കുറിച്ച് പ്രതിഭ ഹരി തന്നെ വിശദീകരണവുമായി അന്ന് രംഗത്ത് എത്തിയത്.

Top