സി.ഒ.ടി നസീര്‍ വധശ്രമ ഗൂഢാലോചന ഷംസീര്‍ എം.എ.എ യുടെ കാറില്‍..!! ഷംസീറിനെ ചോദ്യം ചെയ്യാതെ പോലീസ്

സജീവന്‍ വടക്കുമ്പാട്

തലശ്ശേരി: സി ഒ ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വെച്ച്. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണിത്. മുഖ്യ പ്രതി പൊട്ടി സന്തോഷ് ഇതു സംബന്ധിച്ച മൊഴി നല്‍കി. വധശ്രമ കേസില്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴി എടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഉറ്റ സഹായി എന്‍.കെ.രാഗേഷ് പ്രധാന പ്രതിയായ പൊട്ടി സന്തോഷുമായി നസീറിനെ അക്രമിക്കാനുള്ള ഗൂഢാലോചാന നടത്തിയത് ഷംസീര്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ വെച്ചാണെന്നാണ് പൊട്ടി സന്തോഷ് മൊഴി നല്‍കിയിരിക്കുന്നത്. KLO7 സി ഡി 6887 എന്ന ഇന്നോവ കാറിലാണ് ഗൂഡാലോചന നടന്നത്. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലാണ് ഈ ഇന്നോവ കാറ്.

ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്നത് ഈ കാറാണ്. മിക്ക ദിവസങ്ങളിലും ഈ കാര്‍ ഡ്രൈവ് ചെയ്യുന്നത് വധശ്രമ കേസില്‍ നേരത്തെ അറസ്റ്റിലായ എന്‍.കെ.രാഗേഷാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ എന്‍.കെ.രാഗേഷ് പൊട്ടി സന്തോഷുമായി ഈ വാഹനത്തിനുള്ളില്‍ വെച്ച് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഒരാഴ്ച മുന്‍പ് പൊട്ടി സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്.

സംഭവ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും രാഗേഷിനെയും സന്തോഷിനെയും ഷംസീര്‍ നിരവധി തവണ ഫോണ്‍ ചെയ്തതായും പോലീസ് കണ്ടെത്തി. എ.എന്‍ രാഗേഷില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു പൊലീസ് നീക്കം. ഇതിന് ഇടയിലാണ് എ.എന്‍.ഷംസീറിനെതിരെ പൊട്ടി സന്തോഷ് മൊഴി നല്‍കിയത്.

എന്നാല്‍, ഗൂഡാലോചന നടത്തിയ കാര്‍ കസ്റ്റഡിയിലെടുക്കാനൊ ഉടമയെ ചോദ്യം ചെയ്യാനൊ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്. വധശ്രമ കേസില്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു സി.ഒ.ടി നസീര്‍. ഇതിന് ഇടയിലാണ് എ.എന്‍ ഷംസീറിന്റെ മൊഴി എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

Top