എംഎല്‍എ വിഡി സതീശന് എതിരെ വിജിലന്‍സ് അന്വേഷണം; പുനര്‍ജനി പദ്ധതിക്കായി ചട്ടംലംഘനം

വിഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. പറവൂരിലെ പുനര്‍ജനി പദ്ധതിക്കായി ചട്ടംലംഘിച്ച് വിദേശ പണം സ്വീകരിച്ചെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. സര്‍ക്കാര്‍ സ്പീക്കറിന്റെ അനുമതി തേടിയിരിക്കുകയാണ്.

പറവൂര്‍ എംഎല്‍എ ആയിരിക്കെ വി ഡി സതീശന്‍ ആവിഷ്‌കരിച്ച ‘പുനര്‍ജനി: പറവൂരിന് പുതുജീവന്‍’ എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.

വി ഡി സതീശന്‍ നടത്തിയ വിദേശയാത്രകള്‍ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി എസ് രാജന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകള്‍ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മന്ത്രിമാര്‍ക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാര്‍ഥം വിദേശയാത്ര നടത്താന്‍പോലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാത്ത അവസരത്തില്‍ എംഎല്‍എ മാത്രമായ വി ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരുന്നു.

2018 ഒക്ടോബറില്‍ ലണ്ടനിലെ ബര്‍മിങ്ഹാമില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

Top