തിരുവനന്തപുരം: കേരളത്തില്‍ മീടൂ ശക്തിയാര്‍ജ്ജിക്കുന്നു. പല ഉന്നതര്‍ക്കെതിരെയും വെളിപ്പെടുത്തലുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റസിഡന്റ് എഡിറ്ററായിരുന്ന ഗൗരിദാസന്‍ നായര്‍ക്കെതിരെ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. നേരത്തെ യാമിനി നായര്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിലൂടെ ഇദ്ദേഹം ഹിന്ദുവില്‍ നിന്നും രാജിവെച്ചിരുന്നു.
ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് യുവതി പേര് വെളിപ്പെടുത്താതെ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. തനിക്ക് പതിനേഴ് വയസുള്ളപ്പോള്‍ കുടുംബ സുഹൃത്തുകൂടിയായ ഗൗരിദാസന്‍ നായര്‍ തന്നോട് മോശമായി പെരുമാറിയെന്ന് യുവതി പറയുന്നു.
പതിനേഴാം വയസിലാണ് എനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായത്. എന്റെ അച്ഛന്റെ സുഹൃത്താണ് ഗൗരിദാസന്‍ നായര്‍. ഒരിക്കല്‍ ഗൗരിദാസന്‍ നായര്‍ക്കും അദ്ദേഹത്തിന്റെ പത്ത് വയസുള്ള മകനുമൊപ്പം താനും കുടംബവും പുറത്ത് അവധി ദിവസം ചെലവഴിച്ചു. അച്ഛനും അമ്മയ്ക്കും അത്യാവശ്യകാര്യം ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് പോകേണ്ടി വന്നു. അന്ന് എന്നെയും പതിനൊന്ന് വയസുള്ള എന്റെ അനിയനെയും വീട്ടിലാക്കാമെന്ന് ഗൗരിദാസന്‍ നായര്‍ പറഞ്ഞു. എന്റെ അനിയനും അയാളുടെ മകനും പാര്‍ക്കിലൂടെ കളിച്ച് വണ്ടിക്കടുത്തേക്ക് നടന്നു. അവര്‍ക്കൊപ്പം ഓടിയെത്താനോ നടക്കാനോ എനിക്ക് കഴിഞ്ഞില്ല. ആ സമയത്ത് അയാള്‍ എന്റെ തോളില്‍ കയ്യിടുകയും അമര്‍ത്തുകയും ചെയ്തു. പിന്നീട് അയാളുടെ കൈ താഴേക്ക് വന്ന് മാറിടത്തിലേക്കായി..എനിക്ക് കരയാനോ ഒച്ച വെക്കാനോ പോലും കഴിഞ്ഞില്ല. വീട്ടിലേക്ക് പോകുന്ന വഴി വണ്ടിയില്‍ വെച്ച് അയാള്‍ ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു..അമ്മ എപ്പോള്‍ വരും സാധാരണ ദിവസങ്ങളില്‍…ആരുമില്ലാത്തപ്പോള്‍ വീട്ടിലെന്ത് ചെയ്യും അങ്ങനെയങ്ങനെ…അന്ന് എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയെന്നായിരുന്നു എനിക്ക്..എത്തിയയുടന്‍ ഞാന്‍ റൂമിലേക്ക് ഓടി…
പിന്നീട് കുറേ ദിവസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ വൈകീട്ട് അയാളുടെ ഫോണ്‍വിളി വന്നു. എന്ത് ചെയ്യുന്നു എന്നായിരുന്നു ചോദ്യം..അപ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ അമ്മയെ വിളിച്ചുവരുത്തി. അമ്മയോട് എല്ലാം പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ വീട്ടിലെത്തി എന്നോട് മാപ്പ് പറഞ്ഞു. അയാള്‍ എന്നോട് മാപ്പ് പറഞ്ഞത് അച്ഛനുമായുള്ള സൗഹൃദം സൂക്ഷിക്കാന്‍ മാത്രമായിരുന്നിരിക്കണം…
പിന്നീട് 2013ല്‍ മാധ്യമലോകത്തെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തില്‍ അയാള്‍ ക്ലാസെടുക്കുന്നത് ഞാന്‍ കണ്ടു. പറഞ്ഞറിയിക്കാനാകാത്ത ദേഷ്യമാണ് എനിക്കന്ന് തോന്നിയത്. ഇപ്പോള്‍ യാമിനി നായരുടെ അനുഭവം ഞാനറിഞ്ഞു. ഇനിയും മിണ്ടാതെയിരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു. അതാണ് പുറത്തുപറയുന്നത്.
യാമിനി നായരുടെ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടും ഹിന്ദു ഗൗരിദാസന്‍ നായര്‍ക്കെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീടാണ് അദ്ദേഹം റസിഡന്റ് എഡിറ്റര്‍ സ്ഥാനം രാജിവെച്ചത്. ഇപ്പോള്‍ ഇതാ അദ്ദേഹത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുകയാണ്.