ലോകവ്യാപകമായി ആഞ്ഞടിച്ച മീടൂ ക്യാമ്പയിനിന്റെ ഭാഗമായി തോഴില്‍ മേഖയില്‍ വമ്പന്‍ മാറ്റങ്ങളാണ് ഉണ്ടായത്. ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. മീടൂ ക്യാമ്പയിനിന് ശേഷം സ്ത്രീകളോട് ഇടപെടുന്നതില്‍ പുരുഷന്മാര്‍ അതീവ ജാഗ്രത പാലിക്കുന്നെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. 50 ശതമാനം പുരുഷന്മാരും ജാഗരൂകരാണ്.
സ്ത്രീകളോട് ഇടപെടുമ്പോള്‍ പുരുഷന്മാര്‍ക്ക് പേട കൂടിയിട്ടുണ്ടെന്നും യൗഗൗവ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. തൊഴിലിടങ്ങളില്‍ ഔദ്യോഗിക വിഷയങ്ങള്‍ മാത്രം സംസാരിക്കാനാണ് ചിലരുടെ തീരുമാനം. ആയിരം പ്രായപൂര്‍ത്തിയായ വ്യക്തികളെയാണ് സര്‍വേയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 51 ശതമാനം പുരുഷന്മാരെയും 49 ശതമാനം സ്ത്രീകളെയും ഉള്‍പ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും സിനിമാ മേഖലകളിലും ‘മീ ടു’ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത ആളുകളില്‍ 76 ശതമാനവും ലൈംഗിക ചൂഷണത്തെ ഗുരുതര പ്രശ്‌നമായാണ് വിശേഷിപ്പിച്ചത്. ഇവരില്‍ കൂടുതല്‍ സ്ത്രീകളാണ്. 43 ശതമാനം പേരും ഇത്തരത്തിലുള്ള അനുഭവം നേരിട്ടവരാണ്. ‘മീ ടു’ ക്യാംപെയിന്‍ തൊഴിലിടങ്ങളില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് സര്‍വേ ഫലം.